ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ-കാളി ക്ഷേേത്ര സമുച്ചയത്തിൽ നിർമ്മാണം പുരോഗമിച്ചിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ച സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദവും ആക്രമണ ഭീഷണിയും മൂലമാണ് പദ്ധതി നിർത്തിവെച്ചതെന്ന് ആരോപിച്ച് ഫ്രാൻസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ ജസ്റ്റിസ് മേക്കേഴ്സ് ബംഗ്ലാദേശ് ഫൗണ്ടേഷൻ രംഗത്തെത്തി.
പ്രതിമ നിർമ്മാണ പദ്ധതി ജൂൺ മാസത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിന് പിന്നാലെ വിവിധ ഇസ്ലാമിക സംഘടനകൾ പ്രതിഷേധ പ്രകടനങ്ങളും പത്രസമ്മേളനങ്ങളും സംഘടിപ്പിക്കുകയും പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടത്തിന് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വർധിച്ച സമ്മർദ്ദ സാഹചര്യത്തിൽ ജൂൺ 12ന് ക്ഷേത്ര അധികാരികൾ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചു.
സംഭവം മതസ്വാതന്ത്ര്യത്തിനും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്ന് ജെഎംബിഎഫ് ആരോപിച്ചു. ബംഗ്ലാദേശ് ഭരണഘടനയും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനവും സിവിൽ-രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികളും ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് സംഭവമെന്നാണ് സംഘടനയുടെ വിലയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ ചില മുഖ്യധാരാ മാധ്യമങ്ങൾ പരിമിതമായ വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടതെന്നും ജെഎംബിഎഫ് ചൂണ്ടിക്കാട്ടി. ആക്രമണ ഭീഷണിയും സുരക്ഷാ ആശങ്കകളും കാരണം ചില മാധ്യമങ്ങൾ സ്വയം സെൻസർഷിപ്പിന് വിധേയരായതായി റിപ്പോർട്ടുകളുണ്ടെന്നും സംഘടന വ്യക്തമാക്കി.
ജെഎംബിഎഫ് സ്ഥാപക പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകനുമായ ഷഹാനൂർ ഇസ്ലാം, ബംഗ്ലാദേശ് ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യവും തുല്യ അവകാശങ്ങളും ഉറപ്പുനൽകുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ആ ഉറപ്പുകൾ പ്രായോഗികമായി നടപ്പാകുന്നില്ലെന്ന് വിമർശിച്ചു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനം വർധിക്കുകയും മതന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണികളും വിവേചനങ്ങളും കൂടുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ അന്വേഷണം നടത്തണമെന്നും മതന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷയും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജെഎംബിഎഫ് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും ഭീഷണികൾക്കും തീവ്രവാദ സമ്മർദ്ദങ്ങൾക്കും മുന്നിൽ ഭരണകൂടം വഴങ്ങുന്നത് നിയമവാഴ്ചയെയും ജനാധിപത്യ മൂല്യങ്ങളെയും ദുർബലപ്പെടുത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
