‘ബലൂചിസ്ഥാന്റെ സിംഹം’ മെഹ്‌റാങ് ബലൂച്ച് ജീവപര്യന്തം തടവിൽ; പാകിസ്ഥാൻ ഭരണകൂടത്തെ വെല്ലുവിളിച്ച വനിതാ നേതാവിന്റെ പോരാട്ടകഥ

ബലൂച് ജനതയുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും രാഷ്ട്രീയ നേതാവുമായ മെഹ്‌റാങ് ബലൂച്ചിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി. 2024-ൽ ഗദ്ദറിലുണ്ടായ പ്രതിഷേധ മാർച്ചിനിടെ ഒരു സുരക്ഷാ സേനാംഗം കൊല്ലപ്പെട്ട കേസിലാണ് മെഹ്‌റാങിനും ബലൂചിസ്ഥാൻ യാഖ്തി കമ്മിറ്റി നേതാവ് സിബ്ഗഹത്തുള്ള ഷായ്ക്കും കോടതി ശിക്ഷ വിധിച്ചത്.

ക്വറ്റയിൽ നടന്ന വിചാരണ നടപടികൾ മെഹ്‌റാങും മറ്റ് കസ്റ്റഡിയിലുള്ള ബി.വൈ.സി നേതാക്കളും ബഹിഷ്‌കരിച്ചിരുന്നു. സർക്കാരിന്റെ അഭിഭാഷക സഹായം പോലും സ്വീകരിക്കാൻ അവർ തയ്യാറായില്ല. നിയമനടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ചാണ് ഇവർ പ്രതിഷേധം നടത്തിയത്. ജൂൺ 12 മുതൽ ക്വറ്റയിലെ ഹദ്ദ ജില്ലാ ജയിലിൽ കുത്തിയിരിപ്പ് സമരവും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2024-ൽ നടന്ന ‘ബലൂച് രാജി മാച്ചി’ എന്ന പേരിലുള്ള പ്രതിഷേധ റാലിയോടെയാണ് കേസിന്റെ തുടക്കം. ബലൂചിസ്ഥാനിലെ വിവിധ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം അഫ്ഗാനിസ്ഥാനും ഇറാനും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ബലൂച് സമൂഹാംഗങ്ങളും റാലിയിൽ പങ്കെടുത്തിരുന്നു. പിന്നീട് പ്രതിഷേധം കുത്തിയിരിപ്പ് സമരമായി മാറിയെന്നാണ് മെഹ്‌റാങിന്റെ അഭിഭാഷകർ പറയുന്നത്.

റാലിക്കിടെ മെഹ്‌റാങിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും പാകിസ്ഥാൻ സുരക്ഷാ സേനയും തമ്മിൽ സംഘർഷമുണ്ടായി. ഈ സംഭവത്തിനിടെയുണ്ടായ സുരക്ഷാ സേനാംഗത്തിന്റെ മരണമാണ് പിന്നീട് തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസായി മാറിയത്.

ആരാണ് മെഹ്‌റാങ് ബലൂച്ച്?

എംബിബിഎസ് ബിരുദധാരിയായ മെഹ്‌റാങ് ബലൂച്ച് ക്വറ്റയിലെ ബോളൻ മെഡിക്കൽ കോളേജിൽ നിന്നാണ് വൈദ്യശാസ്ത്ര ബിരുദം നേടിയത്. എന്നാൽ ഡോക്ടർ എന്ന നിലയിലല്ല, മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിലാണ് അവർ ലോകശ്രദ്ധ നേടിയത്.

ബലൂചിസ്ഥാനിൽ വർഷങ്ങളായി നടക്കുന്നതായി ആരോപിക്കപ്പെടുന്ന തിരോധാനങ്ങൾ, നിയമവിരുദ്ധ കൊലപാതകങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കെതിരായ പ്രക്ഷോഭങ്ങളുടെ മുഖ്യ ശബ്ദമായി മെഹ്‌റാങ് മാറി. കാണാതായ ബലൂച് ജനതയ്ക്ക് നീതി ലഭിക്കണമെന്നും സുരക്ഷാ സേനയുടെ നടപടികൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അവരുടെ പ്രക്ഷോഭങ്ങൾ.

2023-ന്റെ അവസാനത്തിൽ ടർബത്തിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഏകദേശം 1,600 കിലോമീറ്റർ ദൈർഘ്യമുള്ള മാർച്ച് നയിച്ചതോടെയാണ് മെഹ്‌റാങ് അന്താരാഷ്ട്ര മാധ്യമങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ശ്രദ്ധ നേടിയത്.

മെഹ്‌റാങിന്റെ ആക്ടിവിസത്തിന് പിന്നിൽ വ്യക്തിപരമായ അനുഭവങ്ങളുമുണ്ട്. 2009-ൽ പാകിസ്ഥാൻ സുരക്ഷാ സേന പിതാവിനെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് പീഡനത്തിന്റെ അടയാളങ്ങളുള്ള മൃതദേഹം കണ്ടെത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നാണ് പ്രവർത്തകർ പറയുന്നത്.

2017-ൽ മെഹ്‌റാങിന്റെ സഹോദരനും തട്ടിക്കൊണ്ടുപോകപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സംഭവങ്ങളാണ് ബലൂച് ജനതയുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലേക്ക് മെഹ്‌റാങിനെ കൂടുതൽ സജീവമായി നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ന് ബലൂച് സമൂഹത്തിന്റെ വലിയൊരു വിഭാഗം മെഹ്‌റാങിനെ ‘ബലൂചിസ്ഥാന്റെ സിംഹം’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം പാകിസ്ഥാൻ ഭരണകൂടം അവരെ നിയമലംഘനങ്ങളിലും സുരക്ഷാ വെല്ലുവിളികളിലും പങ്കാളിയായ നേതാവായി കാണുന്നു. ജീവപര്യന്തം തടവ് ശിക്ഷയിലൂടെ ഈ വിവാദം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

മെഹ്‌റാങിന്റെ ശിക്ഷാവിധി ബലൂചിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങളെയും പാകിസ്ഥാൻ ഭരണകൂടവും ബലൂച് ദേശീയതാ പ്രസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തെയും വീണ്ടും അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക