പാകിസ്ഥാനിലെ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധമുള്ള കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ബലൂചിസ്ഥാനും ഖൈബർ പഖ്തൂൺഖ്വയിലുമുള്ള കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബലൂചിസ്ഥാനിലെ പിഷിൻ ജില്ലയിലെ സരനൻ മേഖലയിലെ ഐഎസ് സംയുക്ത കേന്ദ്രത്തിനെതിരെയാണ് ആദ്യ ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനിൽ അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഈ കേന്ദ്രം ഉപയോഗിച്ചിരുന്നുവെന്നാണ് മന്ത്രാലയത്തിന്റെ ആരോപണം.
ഖൈബർ പഖ്തൂൺഖ്വയിലെ ഖംബർ ഖേൽ മേഖലയിലും ചിത്രാലിലെ ഷാ സലിം താഴ്വരയിലെ ഗരം ചാഷ്മ പ്രദേശത്തുമുള്ള ഐഎസ് കേന്ദ്രങ്ങൾക്കും നേരെ വ്യോമാക്രമണം നടത്തിയതായി അഫ്ഗാൻ അധികൃതർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന കേന്ദ്രങ്ങളായിരുന്നു ഇവയെന്നും മന്ത്രാലയം ആരോപിച്ചു.
പ്രാഥമിക വിവരങ്ങൾ പ്രകാരം ആക്രമണത്തിൽ ഐഎസ് പ്രവർത്തകർക്കും അവരുടെ പിന്തുണക്കാർക്കും കനത്ത നാശനഷ്ടമുണ്ടായതായും സാമ്പത്തിക നഷ്ടം സംഭവിച്ചതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ലക്ഷ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞാണ് ആക്രമണം നടത്തിയതെന്നും സാധാരണക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
അഫ്ഗാനിസ്ഥാന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഏതൊരു കേന്ദ്രത്തെയും ലക്ഷ്യമിടാൻ തങ്ങളുടെ സേന തയ്യാറാണെന്നും പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാർ പ്രവിശ്യകളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 36 സാധാരണക്കാർ കൊല്ലപ്പെടുകയും 163 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ ഭരണകൂടം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അഫ്ഗാൻ വ്യോമാക്രമണം നടന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തെ തുടർന്ന് കാബൂളിലെ പാകിസ്ഥാൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സിനെ അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാൻ നടത്തിയതായി ആരോപിക്കപ്പെടുന്ന വ്യോമാക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷിക നിയമത്തിന്റെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയ്ക്കിടെയാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള പുതിയ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
