പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐ പരസ്യമായി നിലപാട് സ്വീകരിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഇത്തരത്തിലുള്ള വിഷയങ്ങൾ പൊതുസംവാദങ്ങളിലൂടെ പരിഹരിക്കേണ്ടതല്ലെന്നും മുന്നണി ഘടകകക്ഷികൾ തമ്മിലുള്ള കൂടിയാലോചനയിലൂടെയാണ് ധാരണയിലെത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ നേതൃത്വവുമായി ഇന്ന് പ്രത്യേക ചർച്ച നടക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും ടി.പി. രാമകൃഷ്ണൻ തയ്യാറായില്ല. വിഷയത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഇത് പുറത്തുവെച്ച് സംവാദമുണ്ടാക്കി തീർക്കേണ്ട വിഷയമല്ല. പരസ്പര ചർച്ചയിലൂടെയും ധാരണയിലൂടെയും പരിഹരിക്കേണ്ട കാര്യമാണ്. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ദീർഘകാല വ്യക്തിബന്ധമുണ്ടെന്നും ഇടയ്ക്കിടെ രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളും ചർച്ച ചെയ്യാറുണ്ടെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. എൽഡിഎഫ് കൺവീനർ എന്ന നിലയിൽ മറ്റ് ഘടകകക്ഷി നേതാക്കളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉഭയകക്ഷി ചർച്ച സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തർക്കം തുടരുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന എക്‌സിക്യൂട്ടീവും ഇന്ന് ചേരുന്നുണ്ട്.
ഇതിനിടെ, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൽഡിഎഫ് ഘടകകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കുന്നത്.
