വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം; ആദ്യമായി സമ്മതിച്ച് ഇറാൻ, ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർഥന

യുഎസുമായുള്ള സംഘർഷം തുടരുന്നതിനിടെ രാജ്യത്തിന്റെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ ആക്രമിക്കപ്പെട്ടതായി ആദ്യമായി സമ്മതിച്ച് ഇറാൻ. തെക്കൻ പ്രവിശ്യകളിൽ രൂക്ഷമായ ഉഷ്ണതരംഗവും വൈദ്യുതി സംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ജനങ്ങളോട് ഇറാൻ സർക്കാർ അഭ്യർഥിച്ചു. ഇതുസംബന്ധിച്ച് ഇറാൻ വൈദ്യുതി മന്ത്രാലയം വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

ആക്രമണങ്ങൾ കൂടുതൽ ബാധിച്ച തെക്കൻ മേഖലകളിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, ഉയർന്ന താപനിലയും വൈദ്യുതി വിതരണ ശൃംഖലയിലെ സമ്മർദവും കണക്കിലെടുത്ത് അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പാലങ്ങൾ, വൈദ്യുത നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് യുഎസ് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തിടെ ഇറാനിലെ നിരവധി കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ആക്രമണത്തിൽ വൈദ്യുത നിലയങ്ങൾക്കോ ട്രാൻസ്മിഷൻ ലൈനുകൾക്കോ മറ്റ് നിർണായക സംവിധാനങ്ങൾക്കോ എത്രത്തോളം നാശനഷ്ടമുണ്ടായെന്നത് ഇറാൻ സർക്കാർ ഇതുവരെ വിശദീകരിച്ചിട്ടില്ല.

കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ആക്രമണങ്ങളിൽ വൈദ്യുതി ശൃംഖലയിലെ 2,000-ത്തിലധികം കേന്ദ്രങ്ങൾ തകരാറിലായതായും, ആയിരക്കണക്കിന് മെഗാവാട്ട് വൈദ്യുതി ഉൽപാദനം തടസ്സപ്പെട്ടതായും ഇറാൻ അധികൃതർ അറിയിച്ചു. പഴക്കമേറിയ വൈദ്യുതി സംവിധാനങ്ങൾ, അന്താരാഷ്ട്ര ഉപരോധങ്ങളെ തുടർന്നുള്ള ആധുനികവൽക്കരണത്തിന്റെ അഭാവം, വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവ കാരണം രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡ് നേരത്തേ തന്നെ വലിയ സമ്മർദത്തിലായിരുന്നുവെന്നും, പുതിയ ആക്രമണങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയതായും വിലയിരുത്തപ്പെടുന്നു.

ഇറാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആക്രമണങ്ങളിൽ 38 പേർ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചബഹാർ തുറമുഖത്തിന് സമീപം വസ്തുവകകൾക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. രാജ്യവ്യാപകമായ വൈദ്യുതി തടസ്സങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി വൈദ്യുതി മിതമായി ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് വീണ്ടും അഭ്യർഥിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക