ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാരിഫീൽഡ് സോബേഴ്സ് അന്തരിച്ചു. 89 വയസായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തിയുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ. ബാർബഡോസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മകൻ ഡാനിയൽ മരണവാർത്ത സ്ഥിരീകരിച്ചു.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ ആഗോള തലത്തിൽ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു സോബേഴ്സ്. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ആദരമായി ഐസിസി 2004 മുതൽ വർഷത്തെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള പുരസ്കാരം ‘സർ ഗാരിഫീൽഡ് സോബേഴ്സ് ട്രോഫി’ എന്ന പേരിലാണ് നൽകുന്നത്.

1954 മുതൽ 1974 വരെ വെസ്റ്റ് ഇൻഡീസിനായി കളിച്ച സോബേഴ്സ്, ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് മേഖലകളിലെ സമഗ്ര മികവാണ് അദ്ദേഹത്തെ ഇതിഹാസ താരമാക്കിയത്.

വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച സോബേഴ്സ് 57.78 ശരാശരിയിൽ 8,032 റൺസ് നേടിയിട്ടുണ്ട്. 26 സെഞ്ച്വറികളും 30 അർധസെഞ്ച്വറികളും അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലുണ്ട്. ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിന്റെ ശക്തമായ സാന്നിധ്യത്തിന് പിന്നിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സർ ഗാരി സോബേഴ്സ്.

മറുപടി രേഖപ്പെടുത്തുക