നീറ്റ് സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ; ജന്തർ മന്ദിറിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമായി മൗന വൃതം

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ഡൽഹിയിലെ ജന്തർ മന്ദിറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സമരക്കാരായ വിദ്യാർത്ഥികളുമായി നേരിട്ട് ചർച്ച നടത്തണമെന്ന് അഭ്യർഥിച്ചതിന് പിന്നാലെയാണ് ഹസാരെ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചത്.

മഹാരാഷ്ട്രയിലെ അഹല്യ നഗറിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു ഹസാരെയുടെ പ്രതിഷേധം. തുടർന്ന് അദ്ദേഹം സ്വന്തം ഗ്രാമമായ റാലേഗൺ സിദ്ധിയിലേക്ക് മടങ്ങി. പ്രതിഷേധത്തിന് മുൻപായി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചിരുന്നു.

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളും അതിനോടനുബന്ധിച്ചുണ്ടായ പൊലീസ് നടപടികളും ഏറെ വേദനാജനകമാണെന്ന് ഹസാരെ കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ ക്രമസമാധാന പ്രശ്നമായി കാണാതെ, സമൂഹത്തിന്റെ ആശങ്കകളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ ശബ്ദമായി കാണണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവും ഹസാരെ പരോക്ഷമായി പിന്തുണച്ചു. ഒരു മന്ത്രിയുടെ രാജി സർക്കാരിന്റെ അധികാരത്തെ ബാധിക്കില്ലെന്നും, എന്നാൽ വകുപ്പുകളുടെ പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്നവർക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന ശക്തമായ സന്ദേശം അത് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ പ്രവർത്തനം കൂടുതൽ ഉത്തരവാദിത്തപരവും കാര്യക്ഷമവുമാക്കാൻ ഇത്തരം നടപടികൾ സഹായിക്കുമെന്നും ഹസാരെ വ്യക്തമാക്കി. ജനാധിപത്യ രാജ്യങ്ങളിൽ പ്രതിഷേധങ്ങൾ നേരിടുമ്പോൾ അമിത ബലപ്രയോഗം ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗാന്ധിയൻ ആശയങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് സർക്കാർ സമരക്കാരുടെ ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കണമെന്നും, വിശ്വാസം വളർത്തിയും സംവാദങ്ങളിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

അഴിമതിയോ ക്രമക്കേടുകളോ പുറത്തുവരുമ്പോൾ അതിന്റെ ഉത്തരവാദിത്തം താഴെത്തട്ടിലെ ഉദ്യോഗസ്ഥരിൽ മാത്രം ചുമത്തുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. നല്ല കാര്യങ്ങളുടെ നേട്ടം സർക്കാർ ഏറ്റെടുക്കുമ്പോൾ, വീഴ്ചകളുടെ ഉത്തരവാദിത്തവും ഭരണകൂടം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഹസാരെ കത്തിൽ ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് അണ്ണാ ഹസാരെയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സംവാദവും ഉത്തരവാദിത്തപരമായ നടപടികളും അനിവാര്യമാണെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രതിഷേധത്തിലൂടെ ഉയർന്നുവന്നത്.

മറുപടി രേഖപ്പെടുത്തുക