രാജ്യത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കർണാടകയിലെ അധികാര വടംവലികൾക്ക് ഒടുവിൽ ശുഭപര്യവസായം. മാസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഡി.കെ. ശിവകുമാർ കർണാടകയുടെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നതായാണ് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ സ്ഥാനമൊഴിയുമെന്നും അടുത്താഴ്ചയോടെ ‘ഡികെ’ കർണാടകയുടെ അമരക്കാരനായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഡി.കെ. ശിവകുമാറിന്റെ ദീർഘനാളത്തെ അവകാശവാദത്തിന് കോൺഗ്രസ് കേന്ദ്ര നേതൃത്വം ഐകകണ്ഠ്യേന പിന്തുണ നൽകിയതായാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിവരം. മാറ്റത്തിന് വഴിയൊരുക്കാൻ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും അതോടൊപ്പം ഡൽഹി കേന്ദ്രീകരിച്ച് വലിയൊരു ദേശീയ പദവിയും ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഹൈക്കമാൻഡുമായി നടത്തിയ ആറ് മണിക്കൂറോളം നീണ്ട ചർച്ചയിലാണ് ഈ അന്തിമ ഫോർമുല രൂപപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രി മാറ്റം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും രാജ്യസഭാ സ്ഥാനാർത്ഥി ചർച്ചകൾ മാത്രമാണ് നടന്നതെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഇതിന് പിന്നാലെയാണ് ഡികെയുടെ നിയോഗത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.
ഹൈക്കമാൻഡ് വെച്ചുനീട്ടിയ രാജ്യസഭാ ഓഫർ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിദ്ധരാമയ്യ കുറച്ചു സമയം കൂടി ചോദിച്ചിട്ടുണ്ട്. തൽക്കാലം ഡൽഹിയിലേക്കില്ലെന്ന നിലപാടിലാണ് സിദ്ധരാമയ്യയെന്നും ചില സൂചനകളുണ്ട്.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം കർണാടകയിൽ സർക്കാർ രൂപീകരിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി പദവി തുല്യമായി പങ്കുവെക്കാമെന്ന് (ആദ്യ പകുതി സിദ്ധരാമയ്യയ്ക്കും രണ്ടാം പകുതി ഡികെയ്ക്കും) കേന്ദ്ര നേതൃത്വം ഉറപ്പ് നൽകിയിരുന്നുവെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ വാദം. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ചോരയും നീരും ഒഴുക്കിയ തനിക്ക് ആദ്യമേ മുഖ്യമന്ത്രി പദവിക്ക് അർഹതയുണ്ടായിരുന്നിട്ടും, രണ്ടര വർഷത്തിന് ശേഷം പദവി നൽകാമെന്ന ഉറപ്പിന്മേലാണ് അന്ന് ഡികെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാൻ തയ്യാറായത്.
സിദ്ധരാമയ്യ സർക്കാർ രണ്ടു വർഷം പൂർത്തിയാക്കിയ കഴിഞ്ഞ നവംബർ മുതൽ തന്നെ ഡികെ പക്ഷം ഈ ആവശ്യം ഉന്നയിച്ച് ശക്തമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ പാർട്ടി നൽകിയ വാക്ക് പാലിക്കപ്പെടാൻ പോകുന്നതിന്റെ ആവേശത്തിലാണ് കനകപുരയുടെ കരുത്തനായ ഡികെയുടെ അനുയായികൾ.
തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് ഇത്രയും വൈകിയതിന് പിന്നിൽ കർണാടകയിലെ സങ്കീർണ്ണമായ ജാതി സമവാക്യങ്ങളായിരുന്നു. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദലിതർ എന്നിവരടങ്ങുന്ന ‘അഹിന്ദ’ (AHINDA) കൂട്ടായ്മയ്ക്കിടയിൽ സിദ്ധരാമയ്യയ്ക്കുള്ള അനിഷേധ്യമായ സ്വാധീനം മുന്നിൽക്കണ്ട് കസേര ഇളക്കാൻ പാർട്ടി ആദ്യം വിമുഖത കാട്ടിയിരുന്നു. 2023-ൽ പരമ്പരാഗത വൊക്കലിഗ-ലിംഗായത്ത് വോട്ട് ബാങ്കുകളെ മറികടന്ന് കോൺഗ്രസിന് വൻ വിജയം സമ്മാനിച്ചത് ഈ അഹിന്ദ കൂട്ടായ്മയായിരുന്നു.
മാത്രമല്ല, അയൽസംസ്ഥാനങ്ങളിൽ നടക്കുന്ന നിർണായക തെരഞ്ഞെടുപ്പുകളിൽ ഈ പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് കോൺഗ്രസ് നേതൃത്വം ഇത്രയും കാലം മാറ്റങ്ങൾക്ക് മുതിരാതിരുന്നത്. എന്നാൽ, ഒടുവിൽ പാർട്ടിയുടെ എക്കാലത്തെയും വലിയ ട്രബിൾ ഷൂട്ടറായ ഡി.കെ. ശിവകുമാറിന്റെ അദ്ധ്വാനത്തിനും വിട്ടുവീഴ്ചകൾക്കും അർഹിച്ച അംഗീകാരം നൽകാൻ തന്നെ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ ഈ കോട്ട ഇനി ഡികെയുടെ തന്ത്രങ്ങളിലൂടെ എങ്ങനെ മുന്നോട്ട് പോകുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയ ലോകം.
