ഹൈദരാബാദ്: ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരനേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ. പുരസ്‌കാരനേട്ടത്തിൽ ഏറെ സന്തോഷമുണ്ട്. കൂടുതൽ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വീണ്ടും ആകർഷിക്കട്ടെ. അഭിനയത്തിൽ സ്വാഭാവികതയ്ക്ക് പ്രാധാന്യം നൽകുന്ന നടനായി, കഥാനായകനായി വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച പ്രശസ്ത നടനാണ് മോഹൻലാൽ. അഞ്ചു ദേശീയ അവാർഡുകൾ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തിന് ലഭിച്ച വലിയ അംഗീകാരമാണ്. മലയാളത്തിലും, മറ്റ് ഇന്ത്യൻ ഭാഷകളിലും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണന്നും പവൻ കല്യാൺ.
മലയാളത്തിന് രണ്ടാം പുരസ്കാരം
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന്(ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു.