കർണാടക സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി തയ്യാറെടുക്കുകയാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെയാണ് ബിജെപി ഈ നീക്കം ആരംഭിച്ചത്. കോൺഗ്രസിനുള്ളിൽ ഉയർന്നുവരുന്ന ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനം.
ഡിസംബർ 8-ന് നടക്കുന്ന കർണാടക നിയമസഭാ സമ്മേളനത്തിലാണ് ബിജെപി അവിശ്വാസ പ്രമേയം സമർപ്പിക്കാൻ പദ്ധതിയിടുന്നത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ രൂക്ഷമായ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടിരിക്കുകയാണ്. സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
രണ്ടു നേതാക്കളും 29-ാം തീയതി ഡൽഹിയിലെത്തുംെന്നാണ് വിവരം. മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ഇവർ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച മുഖ്യ നേതാവ് ഡി കെ ശിവകുമാർ ആയിരുന്നെങ്കിലും, എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പദം സിദ്ധരാമയ്യയ്ക്ക് ലഭിക്കുകയായിരുന്നു.
