കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജമായി വോട്ട് ചേർത്തെന്ന പരാതിയിൽ ബൂത്ത് ലെവൽ ഓഫീസർക്ക് (ബിഎൽഒ) കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മുക്കാട്ടുകര ബൂത്തിലെ വോട്ടർ പട്ടികയിൽ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും നിയമവിരുദ്ധമായി പേര് ചേർത്തുവെന്നതാണ് പരാതി.
സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും ബിഎൽഒയും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖകൾ ഉപയോഗിച്ചാണ് വോട്ട് ചേർത്തതെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ ഹർജിയിൽ ആരോപിക്കുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ, അന്നത്തെ ബൂത്ത് ലെവൽ ഓഫീസർ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
