വോട്ടർ പട്ടികയിൽ അർഹരായ ഒരാളും ഒഴിവാകരുതെന്നത് സർക്കാരിന്റെ ഉത്തരവാദിത്വം: മുഖ്യമന്ത്രി

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായ അർഹരായവരെ സഹായിക്കാൻ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ സമീപ സർക്കാർ ഓഫീസുകളിലായിരിക്കും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുക. ഓരോ കേന്ദ്രത്തിലും രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലികമായി നിയോഗിക്കാനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാനും ജില്ലാ കളക്ടർമാരെ മന്ത്രിസഭ ചുമതലപ്പെടുത്തി.

വോട്ടർ പട്ടികയിൽ അർഹരായ ഒരാളും ഒഴിവാകരുതെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തീരദേശവും പിന്നോക്കവുമായ മേഖലകളിൽ നേരിട്ടെത്തി അർഹരായവരെ കണ്ടെത്തുന്നതിനും അങ്കണവാടി, ആശാ, കുടുംബശ്രീ പ്രവർത്തകരുടെ സഹായം ഉപയോഗിക്കുന്നതിനുമാണ് തീരുമാനം. 18 വയസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിക്കും.

2025-ലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ 24 ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും, 19.32 ലക്ഷം പേർക്ക് ഹിയറിംഗിന് വീണ്ടും രേഖകളുമായി ഹാജരാകേണ്ട സാഹചര്യം ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. 2002-ലെ പട്ടികയുമായി ബന്ധം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതുമൂലമാണ് ഇത്. മുൻ വോട്ടർമാർ വരെ ഒഴിവാകുന്ന സാഹചര്യം ആശങ്കാജനകമാണെന്നും, ആവശ്യമായ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തുറന്നുവിടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക