കേരളം ഒരു നിത്യവിസ്മയമായി നിലകൊള്ളുന്നതായി, ഇവിടെ ജനിച്ച എല്ലാവരും ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് . അതേസമയം, കേന്ദ്ര സർക്കാർ ഇന്ത്യയെ പട്ടിണിപ്പാവങ്ങളുടെ റിപ്പബ്ലിക്കാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മലപ്പുറം തിരുവാലി പഞ്ചായത്തിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുന്നതിനിടെ അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത് .
കേരളം ഇപ്പോൾ ചരിത്രത്തിലെ സുവർണകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എം. സ്വരാജ് പറഞ്ഞു. എല്ലാ മേഖലകളിലും ഒന്നാമതുള്ള കേരളം വികസന പ്രവർത്തനങ്ങളിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒമ്പതര വർഷങ്ങളിൽ നാടിന്റെ മുഖച്ഛായ തന്നെ മാറ്റിയ പദ്ധതികളാണ് നടപ്പാക്കിയതെന്നും, യുഡിഎഫ് കാലത്ത് നിലച്ചുപോയ ദേശീയപാത വികസനം ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ യാഥാർത്ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മാധ്യമങ്ങൾ ഈ നേട്ടങ്ങളെ അവഗണിക്കുന്നുവെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് നൽകി, ക്ഷേമ പെൻഷൻ 2000 രൂപയായി ഉയർത്തി. കൂടാതെ, 35 വയസ്സിന് മുകളിലുള്ള 33 ലക്ഷം വീട്ടമ്മമാർക്ക് പെൻഷൻ നൽകാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു .
