മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറായി ചുമതലയേൽക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പ്രതിഫലം വാങ്ങാതെയാണ് മോഹൻലാൽ ഈ പദവി ഏറ്റെടുക്കുന്നതെന്നും, അദ്ദേഹത്തെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ പരസ്യങ്ങൾ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ഗതാഗത മേഖലയിലെ അപൂർവ നേട്ടമാണ് കെഎസ്ആർടിസി കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കെഎസ്ആർടിസിയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ വാഹനങ്ങൾ സർവീസിൽ ഇറക്കുകയും നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്തു. ഒരുകാലത്ത് 1400 വാഹനങ്ങൾ ഉപയോഗശൂന്യമായി കിടന്നിരുന്നുവെങ്കിൽ, ഇപ്പോൾ 500ൽ താഴെ വാഹനങ്ങൾ മാത്രമാണ് വർക്ക്‌ഷോപ്പുകളിൽ ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട സർവീസുകൾ വഴി കെഎസ്ആർടിസിക്ക് രണ്ട് കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായും മന്ത്രി പറഞ്ഞു. 60 മിനിറ്റിനുള്ളിൽ 100 വാഹനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് 5502 കെഎസ്ആർടിസി വാഹനങ്ങളാണ് സർവീസ് നടത്തുന്നത്.
ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുമെന്നും, അടുത്ത 12 മാസത്തേക്ക് ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ മാസവും 31നോ ഒന്നിനോ കൃത്യമായി ശമ്പളം വിതരണം ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
