പ്രവാസികളുടെ പരാതികളിൽ അതിവേഗം നടപടി; കേരളത്തിൽ എൻആർഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികളിൽ അതിവേഗ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സംസ്ഥാനത്ത് എൻആർഐ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസ് ആസ്ഥാനത്തായിരിക്കും സ്റ്റേഷൻ പ്രവർത്തിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

ലോകമൊട്ടാകെ ഏകദേശം മൂന്നര ദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. വിദേശത്ത് കഴിയുന്ന ഇവർ നിയമ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ നിരവധി സങ്കീർണ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള തട്ടിപ്പുകൾ, സൈബർ നിക്ഷേപ തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, വ്യാജ ജോലി ഓഫറുകൾ എന്നിവയും പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.

അതിനൊപ്പം അനധികൃത വിദേശ തൊഴിൽ-വിദ്യാഭ്യാസ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികളും എമിഗ്രേഷൻ ആക്ടിലെ പോരായ്മകൾ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലോക കേരള സഭാ സെക്രട്ടേറിയറ്റ് എൻആർഐ പൊലീസ് സ്റ്റേഷൻ രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

പൊലീസ് ആസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന എൻആർഐ സെല്ലിന്റെ എസ്.പി ആയിരിക്കും പുതിയ സ്റ്റേഷന്റെ ചുമതല വഹിക്കുക. ഇൻസ്പെക്ടർ 1, സബ് ഇൻസ്പെക്ടർ 6, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ 6, സീനിയർ സിവിൽ പൊലീസ് ഓഫീസർ 5, സിവിൽ പൊലീസ് ഓഫീസർ 7 എന്നിങ്ങനെ ആകെ 25 തസ്തികകൾ ഇതിനായി സൃഷ്ടിക്കാനാണ് സർക്കാർ തീരുമാനം.

മറുപടി രേഖപ്പെടുത്തുക