ശബരിമല സ്വർണക്കൊള്ള കേസ്: അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പേടിയില്ലെന്ന് കെ സി വേണുഗോപാൽ

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് യാതൊരു പേടിയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്ന വിവരം എല്ലാവർക്കും മുൻകൂട്ടി അറിഞ്ഞിരുന്നുവെന്നും, എന്നാൽ കടകംപള്ളിയെ ചോദ്യം ചെയ്തതിന് നാല് ദിവസം കഴിഞ്ഞപ്പോഴാണ് ആ വിവരം പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോൾ അതു ഉടൻ തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണെന്നും, ഇത് ഇരട്ടത്താപ്പ് സമീപനമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കടകംപള്ളിയുടെ ചോദ്യം ചെയ്യൽ മാറ്റിവെച്ചത് എസ്ഐടിക്ക് മേൽ സമ്മർദമുണ്ടെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ നെല്ലും പതിരും തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിലും, അന്വേഷണം അനാവശ്യമായി ദിവസങ്ങളോളം നീട്ടുകയായിരുന്നുവെന്നും വിമർശിച്ചു.

അന്വേഷണ രീതിയെക്കുറിച്ച് സംശയങ്ങളുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഹൈക്കോടതി നിയമിച്ച അന്വേഷണസംഘമാണെങ്കിലും, അതിലെ ഉദ്യോഗസ്ഥർ കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ളവരാണെന്നും, ഉദ്യോഗസ്ഥർക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചോദ്യം ചെയ്യപ്പെടുന്നവർക്ക് സൗകര്യമുള്ള രീതിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക