അടുത്ത തെരഞ്ഞെടുപ്പിനെ കൂടുതൽ ശക്തമായ യുഡിഎഫായിരിക്കും നേരിടുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിലെ വിജയം എല്ലാം നേടിയെന്ന ധാരണയ്ക്ക് ഇടവരുത്തുന്നില്ലെന്നും, അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാനായി ഇതിലും കൂടുതൽ കഠിനാധ്വാനം ആവശ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയുടെ അടിത്തറ ശക്തമായിരിക്കുമെന്നും, അതിന്റെ ഭാഗമായി ചിലപ്പോൾ എൽഡിഎഫിലെയും എൻഡിഎയിലെയും ഘടകകക്ഷികൾ പോലും യുഡിഎഫിന്റെ ഭാഗമാകാമെന്ന സൂചനയും വി.ഡി. സതീശൻ നൽകി. ജോസ് കെ. മാണിയെ പിന്നാലെ നടന്ന് ക്ഷണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾ ആരെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അത്തരത്തിൽ അഭിപ്രായപ്രകടനങ്ങൾ ആവശ്യമില്ല. കോൺഗ്രസിലേക്ക് ആരെയെങ്കിലും കൊണ്ടുവരണമെങ്കിൽ അത് കെപിസിസിയുടെ തീരുമാനമാണ്. യുഡിഎഫിലേക്ക് ഉൾപ്പെടുത്തണമെങ്കിൽ മുന്നണിയുടെ തീരുമാനം വേണം. ഇതെല്ലാം അതത് സമയത്ത് തീരുമാനിക്കാൻ കഴിവുള്ള നേതൃത്വമുണ്ട്. ഇപ്പോൾ ഉറപ്പായി പറയാനാകുന്നത് ഇതിലും ശക്തമായ യുഡിഎഫായിരിക്കും അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ്. ഈ തെരഞ്ഞെടുപ്പിലെ വിജയം കണ്ടു എല്ലാം നേടി എന്ന ധാരണ ഇല്ല. ആഗ്രഹിക്കുന്ന സീറ്റിലെത്താൻ വലിയ കഠിനാധ്വാനം വേണം,” സതീശൻ പറഞ്ഞു.
മുന്നണിയുടെ അടിത്തറ ശക്തമായിരിക്കുകയും, അത് കൂടുതൽ വിപുലീകരിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിലെയും എൻഡിഎയിലെയും ഘടകകക്ഷികളും, ഇതിലൊന്നും പെടാത്തവരുമൊക്കെ മുന്നണിയുടെ ഭാഗമാകാൻ സാധ്യതയുണ്ടെന്നും, “കാത്തിരുന്ന് കാണാം; ഇപ്പോൾ എല്ലാം പറഞ്ഞാൽ സസ്പെൻസ് പോകില്ലേ” എന്ന പരാമർശവും അദ്ദേഹം നടത്തി.
കോട്ടയം ജില്ലയിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തിയ വി.ഡി. സതീശൻ, യുഡിഎഫ് ചില രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല, നിരവധി വിഭാഗം ജനങ്ങളെ ഉൾക്കൊള്ളുന്ന വിശാലമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമാണെന്നും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ കൂടുതൽ ശക്തമായ യുഡിഎഫായിരിക്കും നേരിടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
