എൽഡിഎഫ് ഭരണത്തിൽ 10 ലക്ഷം കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് തിരിച്ചെത്തി: മുഖ്യമന്ത്രി

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ചരിത്ര നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്ടിഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ് ഭരണകാലത്ത് സർക്കാർ സ്കൂളുകളിൽ നിന്ന് കുട്ടികൾ പിരിഞ്ഞുപോയ അവസ്ഥയുണ്ടായിരുന്നുവെന്നും, എൽഡിഎഫ് അധികാരത്തിലെത്തിയതിന് ശേഷം 10 ലക്ഷം കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് തിരിച്ചെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ രാജ്യം ഇന്ന് അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും, പത്ത് വർഷം മുൻപുണ്ടായിരുന്ന വിദ്യാലയങ്ങളല്ല ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാഭമില്ലെന്ന പേരിൽ സ്കൂളുകൾ അടച്ചുപൂട്ടിയ കാലഘട്ടത്തിൽ നിന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എൽഡിഎഫ് നടപ്പാക്കിയതായും, അതിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് സംവിധാനങ്ങളോടെ നവീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ മാറ്റങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖല ദേശീയ ശ്രദ്ധ നേടാൻ കഴിഞ്ഞതായും, നീതി ആയോഗിന്റെ അംഗീകാരം പോലും കേരളത്തിലെ സ്കൂളുകൾക്ക് ലഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക