ഐപാക്ക് റെയ്ഡ്: ഇഡിക്കെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ന് പശ്ചിമ ബംഗാളില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധ മാര്‍ച്ച് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മാര്‍ച്ച് ആരംഭിക്കുക.

ഇന്നലെ ഐപാക്കില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ മമത ബാനര്‍ജി പരസ്യമായി രംഗത്തെത്തിയിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതവും ബിജെപി ആസൂത്രണം ചെയ്തതുമാണെന്ന് മമത ആരോപിച്ചു. “ഞങ്ങളുടെ പാര്‍ട്ടിയുടെ ഹാര്‍ഡ് ഡിസ്ക്, സ്ഥാനാര്‍ഥി പട്ടിക, പാര്‍ട്ടി തന്ത്രം, പാര്‍ട്ടി പദ്ധതി എന്നിവ പിടിച്ചെടുക്കാനാണ് അവർ വന്നത്. ഇതാണോ ഇഡിയുടെയും അമിത് ഷായുടെയും പണി” എന്നും മമത ചോദിച്ചു.

അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നതായുള്ള ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും ഉയര്‍ത്തി. ഇതിന് മറുപടിയായി ഇഡി മമതയുടെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി. പരിശോധനയ്ക്കിടെ മമത ബാനര്‍ജി തടസം സൃഷ്ടിച്ചുവെന്നാണ് ഇഡിയുടെ വാദം. വിഷയത്തില്‍ ഇഡി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

മറുപടി രേഖപ്പെടുത്തുക