വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന പരാതി നിലനിൽക്കില്ല: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതികളിൽ സുപ്രീം കോടതി നിർണായക നിരീക്ഷണം നടത്തി. വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഛത്തീസ്ഗഡ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയുകൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ വിധി.

പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് ബലാത്സംഗമായി ചിത്രീകരിക്കുന്നതാണ് കേസിലെ വസ്തുതകൾ സൂചിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു. പരാജയപ്പെട്ടതോ തകർന്നതോ ആയ ബന്ധങ്ങൾക്ക് കുറ്റകൃത്യത്തിന്റെ നിറം നൽകുന്ന മുൻവിധികൾ ചൂണ്ടിക്കാട്ടിയും കോടതി നിരീക്ഷണം നടത്തി. നിരന്തര ബലാത്സംഗം നടന്നുവെന്ന വാദവും നിലനിൽക്കില്ലെന്നും വ്യക്തമാക്കി.

2025 ഫെബ്രുവരിയിൽ ബിലാസ്പൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ ഉത്തരവിനെതിരായ അപ്പീലിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. പരാതിക്കാരിയും പ്രതിയും അഭിഭാഷകരാണെന്നും, പരാതിക്കാരി 33 വയസ്സുള്ള വിവാഹിതയും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മയുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രേഖകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഐപിസി സെക്ഷൻ 376(2)(n) ചുമത്താൻ മതിയായ വസ്തുതകൾ കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റ് സംബന്ധിച്ചും സുപ്രീം കോടതി നിർദേശങ്ങൾ നൽകി. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അനാവശ്യ അറസ്റ്റ് ഒഴിവാക്കണമെന്നും, അറസ്റ്റ് ആവശ്യമില്ലെങ്കിൽ പ്രതിയോട് ഹാജരാകാൻ നോട്ടീസ് നൽകണമെന്നും കോടതി നിർദേശിച്ചു.

അറസ്റ്റ് അനിവാര്യമാണെന്ന് പൊലീസ് തീരുമാനിച്ചാൽ അതിന്റെ കാരണങ്ങൾ രേഖാമൂലം രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ തർക്കങ്ങളുടെയും വിയോജിപ്പുകളുടെയും പേരിൽ ബലാത്സംഗ കേസുകളാക്കി മാറ്റുന്നത് തടയണമെന്നും, യഥാർത്ഥ ബലാത്സംഗ കേസുകൾ അതിൽ നിന്ന് വേർതിരിച്ച് കാണണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക