സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ കേരളത്തിലെ നേതൃത്വം വിലക്കുകയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ആരോപിച്ചു. “ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് പറയുന്ന” സമീപനമാണ് കോണ്‍ഗ്രസിന്റേതെന്ന് അദ്ദേഹം പരിഹസിച്ചു.
ഫിസ്കൽ ഫെഡറലിസുമായി ബന്ധപ്പെട്ട അക്കാദമിക് സെമിനാറില്‍ പങ്കെടുക്കാനിരുന്ന തെലങ്കാനയുടെയും കര്‍ണാടകയുടെയും മന്ത്രിമാരെ പോലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പിന്തിരിപ്പിച്ചതാണ് ജനാധിപത്യവിരുദ്ധ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, മണിശങ്കർ അയ്യരിനെയും ഫാറൂഖ് അബ്ദുള്ളയെയും പോലുള്ള മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ സൗഹൃദത്തെയും മതനിരപേക്ഷതയെയും പ്രശംസിച്ചതിനെ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ബഹളം വെക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. ആരോഗ്യമന്ത്രിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് വാതിൽ പൊളിച്ച് കയറുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ എന്ത് തരത്തിലുള്ള രാഷ്ട്രീയമാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം അക്രമപരമായ സമരരീതികളെ ജനങ്ങൾ തിരിച്ചറിയുമെന്നും സഭയിൽ സൃഷ്ടിപരമായ ഇടപെടലുകൾക്കുപകരം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി.
