മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ മൂലം ആഗോളതലത്തിൽ ഊർജ്ജ വിതരണ തടസ്സങ്ങൾ ഉണ്ടായ സാഹചര്യത്തിൽ, ബംഗ്ലാദേശിന് ഇന്ധന ശേഖരം നിലനിർത്താൻ ഇന്ത്യ സഹായിക്കുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിർമ്മിച്ച ‘ബംഗ്ലാദേശ്-ഇന്ത്യ മൈത്രി പൈപ്പ്‌ലൈൻ’ വഴി ഏകദേശം 5,000 മെട്രിക് ടൺ ഡീസൽ വിതരണം ചെയ്യുന്നു.
ഇന്ത്യയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വാതക ശേഖരത്തിന്റെയും കാര്യത്തിൽ ആശങ്കകൾക്കിടയിലുമാണ് കേന്ദ്രം ഈ സൗഹാർദ്ദ സഹായം നൽകുന്നത് . ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ (ബിപിസി) ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയ വിശദാംശങ്ങൾ അനുസരിച്ച്, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:20 ന് അസമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്നാണ് ഈ ഡീസൽ പമ്പ് ചെയ്യാൻ തുടങ്ങിയത്.
ഈ പൈപ്പ്‌ലൈൻ വഴി അയയ്ക്കുന്ന ഇന്ധനം ഏകദേശം 44 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിലെ ദിനാജ്പൂർ ജില്ലയിലെ പർബതിപൂർ ഡിപ്പോയിൽ എത്തുമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതത്വം കാരണം ബംഗ്ലാദേശ് ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ വിതരണം വളരെ ഉപയോഗപ്രദമാകും. മൈത്രി പൈപ്പ്‌ലൈൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
