കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകലം; പാർലമെന്ററി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശശി തരൂർ

കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകലം തുടരുന്ന ശശി തരൂർ എംപി, പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പാർലമെന്ററി നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാനിടയില്ല. നാളെ നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും തരൂർ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് നേരിട്ട് കത്തുനൽകി ക്ഷണിച്ചിട്ടും യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

കൊച്ചിയിൽ നടന്ന മഹാപഞ്ചായത്ത് യോഗത്തിൽ ഉണ്ടായ അവഗണനയാണ് തരൂരിന്റെ അതൃപ്തിക്ക് കാരണം. രാഹുൽ ഗാന്ധി പങ്കെടുത്ത വേദിയിൽ വർക്കിംഗ് കമ്മിറ്റി അംഗമായ തരൂരിന് അറ്റത്താണ് ഇരിപ്പിടം നൽകിയതെന്നും, പ്രസംഗം ചുരുക്കണമെന്ന നിർദ്ദേശം നിലനിൽക്കെ മറ്റ് നേതാക്കൾ ദീർഘനേരം സംസാരിച്ചതായും പരാതിയുണ്ട്. പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി മറ്റ് പ്രമുഖ നേതാക്കളെ പരാമർശിച്ചപ്പോൾ തരൂരിനെ ഒഴിവാക്കിയതും അസ്വസ്ഥത വർധിപ്പിച്ചു.

ഇതിനിടെ, അതൃപ്തിയിലുള്ള തരൂരിനെ ഒപ്പം നിർത്താൻ സി.പി.എം ശ്രമം നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ദുബായിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ തരൂർ നാളെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ മാത്രമാണ് പങ്കെടുക്കാൻ സമ്മതിച്ചിട്ടുള്ളത്. തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമങ്ങൾ തുടരുമ്പോഴും, നേതൃത്വവുമായുള്ള ബന്ധത്തിലെ പിണക്കം കേരളത്തിലെ കോൺഗ്രസിന് വലിയ തലവേദനയായി മാറുകയാണ്.

മറുപടി രേഖപ്പെടുത്തുക