നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. വി.കെ. ശ്രീകണ്ഠൻ എംപിക്കെതിരെ കടുത്ത വിമർശനങ്ങളുമായി ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പാലക്കാട് കോട്ടമൈതാനത്ത് ഫ്ലക്സ് ബോർഡുകൾ ഉയർന്നു. മലമ്പുഴ മണ്ഡലത്തിൽ ബിജെപിയെ സഹായിക്കാൻ എംപി അന്തർധാര സൃഷ്ടിച്ചെന്നതാണ് പ്രധാന ആരോപണം.
മലമ്പുഴയിൽ എ. സുരേഷിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിന് പിന്നിൽ ബിജെപിയെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്നും ഫ്ലക്സുകളിൽ പറയുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഒഴിവാക്കി സുരേഷിനെ മത്സരിപ്പിക്കുന്നത് ബിജെപിക്ക് മണ്ഡലത്തിൽ നേട്ടമുണ്ടാക്കാനാണെന്നാണ് ആരോപണം.
ഇതിന് പകരമായി ശ്രീകണ്ഠന്റെ ഭാര്യ കെ.എ. തുളസി മത്സരിക്കുന്ന കോങ്ങാട് മണ്ഡലത്തിൽ ബിജെപി യുഡിഎഫിനെ സഹായിക്കുമെന്ന തരത്തിലുള്ള പരസ്പര ധാരണയുണ്ടെന്നും ഫ്ലക്സുകളിൽ ആരോപിക്കുന്നു. സ്വന്തം ഭാര്യയെ എംഎൽഎയാക്കാൻ പാർട്ടി താല്പര്യങ്ങൾ ബലികഴിക്കുന്നു എന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
