ശബരിമല യുവതീ പ്രവേശനം; സി.പി.എം നിലപാടിൽ മാറ്റമില്ല: എം.വി. ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിൽ യുവതീപ്രവേശന വിഷയത്തിൽ സി.പി.എംയുടെ നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. സുപ്രീം കോടതിയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ആചാര സംരക്ഷണം ആവശ്യപ്പെട്ട് സർക്കാർ സത്യവാങ്മൂലം തിരുത്താൻ ഒരുങ്ങുകയാണെന്ന വാർത്തകൾക്കിടയിലാണ് എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നതാണ് പാർട്ടിയുടെ നിലപാടെന്നും, സി.പി.എം എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുമ്പ് നൽകിയ സത്യവാങ്മൂലത്തിൽ പാർട്ടി ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ച്, നിയമവിദഗ്ധരുമായി ആലോചിച്ചായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത് യുവതീപ്രവേശന വിഷയം മാത്രം അല്ലെന്നും, എല്ലാ മതങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ നിരവധി ചോദ്യങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആചാരങ്ങളെ സംബന്ധിച്ച വിഷയങ്ങളിൽ പണ്ഡിതരുമായും വിദഗ്ധരുമായും ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളൂവെന്നതാണ് പാർട്ടിയുടെ പൊതുവായ നിലപാടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർവ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക