ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. താൻ ആരെയും ചതിച്ചിട്ടില്ലെന്നും, ഗണേഷ് കുമാർ നിരവധി പേരെ ചതിച്ചിട്ടുണ്ടെന്നും, സ്വന്തം അച്ഛനെയ്ക്കുപോലും വഞ്ചിച്ച ആളാണെന്നും അദ്ദേഹം ആരോപിച്ചു.
ഗണേഷ് കുമാറിനെ “രാഷ്ട്രീയത്തിലെ ചതിയൻ ചന്തു” എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കുഴിത്തുരുമ്പാണ് അദ്ദേഹം എന്നും വിമർശിച്ചു. എസ് എൻ ഡിപി ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി, ഗണേഷ് കുമാർ എല്ലാവരുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിയാണെന്നും ആരോപിച്ചു. സ്വന്തം അച്ഛനോടും സഹോദരിയോടും ഭാര്യയോടും വരെ പ്രശ്നങ്ങൾ ഉണ്ടാക്കിയ ആളാണ് അദ്ദേഹം. രാഷ്ട്രീയരംഗത്തും പലരെയും വഞ്ചിച്ചിട്ടുണ്ടെന്നും, അതിൽ ഉമ്മൻ ചാണ്ടിയെയും ഉൾപ്പെടുത്താമെന്നും പറഞ്ഞു.
ഇത്രയും ധാർഷ്ട്യത്തോടെ പെരുമാറുന്ന മറ്റൊരു മന്ത്രിയുണ്ടോയെന്നും, സാമ്രാജ്യാധിപൻമാരുടെ സ്വഭാവമാണ് ഗണേശനെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമർശം. ഇതോടൊപ്പം, , നായർ–ഈഴവ ഐക്യം സംബന്ധിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. താൻ ആരെയും വേദനിപ്പിച്ചിട്ടില്ലെന്നും, തുറന്ന മനസ്സോടെയാണ് വിഷയത്തിൽ ഇടപെട്ടതെന്നും വ്യക്തമാക്കി. എൻ എസ് എസ് –എസ്എൻഡിപി ഐക്യശ്രമത്തിന് പിന്നിൽ ചതി ഉണ്ടായിരുന്നുവെന്ന ഗണേഷ് കുമാറിന്റെ ആരോപണമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. അതിനുത്തരമായാണ് കടുത്ത ഭാഷയിൽ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
