നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുപോലുള്ള രംഗങ്ങൾ ഉൾപ്പെടുത്തുന്നത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം: എം.എ ബേബി

‘കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗം അപകടകരമായ ആഖ്യാനമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. മധ്യപ്രദേശിലെ സ്കൂൾ ദിനാഘോഷങ്ങൾ മതത്തിന്റെ പേരിൽ വേർതിരിച്ച് നടത്തിയ സംഭവവും അത്യന്ത്യം ദുഃഖകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതാടിസ്ഥാനത്തിലുള്ള വിവേചനം സമൂഹത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുപോലുള്ള രംഗങ്ങൾ ഉൾപ്പെടുത്തുന്നത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ബേബി വിമർശിച്ചു. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അമർത്യ സെനും റൊമില ഥാപ്പറും പ്രശംസിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇതിന് വിരുദ്ധമായി ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ത് അടിസ്ഥാനത്തിലാണ് ന്യായീകരണം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കേരളം മതനിരപേക്ഷത ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്നും അതിനെ ‘കുഴപ്പം പിടിച്ച ഇടം’ എന്ന് ചിത്രീകരിക്കുന്നത് തെറ്റായ പ്രചാരണമാണെന്നും ബേബി പറഞ്ഞു. സിനിമയ്ക്ക് പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാരോപിച്ച അദ്ദേഹം, കേരളത്തിൽ ‘ലവ് ജിഹാദ്’ ഉണ്ടെന്ന് ആരോപിക്കുന്നവർ വസ്തുതകൾ നിരത്തി തെളിയിക്കണമെന്ന് വെല്ലുവിളിച്ചു. അതിദാരിദ്ര്യം ഗണ്യമായി കുറച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കവി സച്ചിദാനന്ദൻ ഉയർത്തിയ വിമർശനങ്ങളിൽ തിരുത്തേണ്ട ഘടകങ്ങൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്ന നിലപാടും ബേബി വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് ഉള്ള വിമർശനങ്ങളെ തെറ്റായി കാണുന്നില്ലെന്നും, അതാണ് സച്ചിദാനന്ദന്റെ വിമർശനങ്ങളോടുള്ള സമീപനത്തിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രേംകുമാറിനെതിരെ പാർട്ടി നടപടി ഉണ്ടായതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വർഗീയതയ്‌ക്കെതിരെ ചില ഘട്ടങ്ങളിൽ കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമർശനവും ബേബി ഉന്നയിച്ചു. അതേസമയം, കേരളത്തിലെ സിപിഐഎം സൈബർ ടീമിന്റെ പ്രവർത്തനം തന്റെ അറിവിൽ ഭംഗിയായി നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക