ഇഡി അന്വേഷണം ഒഴിവാക്കാനോ ട്വന്റി–20യുടെ എൻഡിഎ പ്രവേശനം?

സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി–20 പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഒഴിവാക്കാനുള്ള നീക്കമെന്ന സൂചനകൾ ശക്തമാകുന്നു. കോടികളുടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഫെമ (വിദേശ നാണയ വിനിമയ ചട്ടങ്ങൾ) ചട്ടലംഘന കേസിൽ ഇഡി നടപടി കടുപ്പിക്കുന്നതിനിടെയാണ് ട്വന്റി–20യുടെ മുന്നണി പ്രവേശനം.

സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തിന് ഇഡി നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ആറുമാസം മുമ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും സാബു എം ജേക്കബ് നേരിട്ട് ഹാജരായില്ല. അദ്ദേഹത്തിന് പകരം ചാർട്ടേഡ് അക്കൗണ്ടന്റാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായതെന്നാണ് വിവരം.

ഇഡി അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ട്വന്റി–20 പാർട്ടിയുടെ എൻഡിഎ മുന്നണി പ്രവേശനം എന്നതും, ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക