പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയിൽ നിന്ന് കെ. സുധാകരൻ വിട്ടുനിന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ വെറുതെ വാർത്തകൾ പടച്ചുവിടുകയാണെന്നും, സുധാകരന് യാതൊരു അതൃപ്തിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആവശ്യത്തിനായി എറണാകുളത്തേക്ക് പോയതിനാലാണ് യാത്രയിൽ പങ്കെടുക്കാതിരുന്നതെന്നും കെ.സി. വേണുഗോപാൽ വിശദീകരിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തരത്തിലല്ല കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം മുഴുവൻ സർക്കാരിനെതിരെ വിധിയെഴുതാൻ കാത്തിരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ മടങ്ങിപ്പോയത് ചർച്ചയായിരുന്നു. സ്വന്തം ജില്ലയായ കണ്ണൂരിലും യാത്രയിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതോടെ അഭ്യൂഹങ്ങൾ ശക്തമാവ്‌കയും ചെയ്തു.
ഇതിനിടെ വിശദീകരണവുമായി കെ. സുധാകരൻ തന്നെ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാൽ എറണാകുളം പോകേണ്ടതിനാലാണ് യാത്രയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
