ഇന്ത്യയിൽ മയക്കുമരുന്ന് ഉപഭോഗത്തിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. എന്നാൽ സംസ്ഥാനത്ത് ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറവല്ലെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ എൻഫോഴ്സ്മെന്റ് നടപടികൾ ഉള്ളതിനാലാണ് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ കേരളം മുന്നിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും കേസെടുക്കുന്ന കർശന നിലപാടാണ് കേരളം സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. രാജ്യത്ത് ശരാശരി ശിക്ഷാനിരക്ക് 78 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 98.5 ശതമാനമാണെന്ന് മന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ പത്ത് വർഷമായി ഈ ശിക്ഷാനിരക്ക് 96 ശതമാനത്തിന് താഴെ പോയിട്ടില്ലെന്നും ഇത് സംസ്ഥാനത്തെ അന്വേഷണ ഏജൻസികളുടെ മികവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് പുറത്തും ലഹരി മാഫിയക്കെതിരെ കേരള പൊലീസ്, എക്സൈസ് വകുപ്പുകൾ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ആൻഡമാനിൽ നിന്ന് ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കേരള സംഘം കണ്ടെത്തി നശിപ്പിച്ചിരുന്നു. ഹൈദരാബാദിൽ സിന്തറ്റിക് ഡ്രഗ് നിർമ്മിച്ചിരുന്ന പ്രമുഖ ശതകോടീശ്വരനെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. കൂടാതെ ഡൽഹി വിമാനത്താവളത്തിൽ നൈജീരിയൻ പൗരനെയും ഗുഡ്ഗാവിലെ ഫാക്ടറിയിൽ നിന്ന് ആഫ്രിക്കൻ പൗരന്മാരെയും കേരള സംഘമാണ് പിടികൂടിയതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് എത്തുന്ന സിന്തറ്റിക് മയക്കുമരുന്നിന്റെ പ്രധാന ഉറവിടങ്ങൾ ബംഗളൂരും ഗോവയുമാണെന്നും മുന്ദ്ര, മുംബൈ തുടങ്ങിയ തുറമുഖങ്ങൾ വഴിയാണ് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇതിന്റെ ഒരു വിപണി മാത്രമാണെന്നും ഉറവിടമല്ലെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേർത്തു.
