കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന് വിമർശിച്ച് ശശി തരൂർ. ഇത് നീതികേടാണെന്നും സ്ഥാനാർഥി നിർണയത്തിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീരുമാനങ്ങൾ എടുത്തവർ എല്ലാ ഘടകങ്ങളും പരിഗണിച്ചിരിക്കാമെന്നും വിജയസാധ്യതയാണ് പ്രധാന മാനദണ്ഡമെന്ന് പറയപ്പെടുന്നതായും തരൂർ പറഞ്ഞു. എന്നാൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് തന്റെ നിലപാടെന്നും, വനിതാ ബില്ലിനെ പിന്തുണച്ച വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒമ്പത് മണ്ഡലങ്ങളിലാണ് വനിതകൾക്ക് അവസരം ലഭിച്ചത്. നിരവധി ചർച്ചകളും വിവാദങ്ങളും നടന്നതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരമാണ് കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.
