മലപ്പുറം ജില്ല വിഭജിക്കണം; ജില്ലാ പുനർനിർണയം അനിവാര്യമെന്ന് സമസ്തയുടെ പ്രമേയം

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയം പാസാക്കി. കാസര്‍ഗോഡില്‍ നടന്ന സമ്മേളനത്തിലാണ് പ്രമേയം അംഗീകരിച്ചത്. ശാസ്ത്രീയ പഠനം നടത്തി ജില്ലകളുടെ പുനർനിർണയം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

നാല്‍പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും വിഭവങ്ങളുടെ സമചിതമായ വിതരണം ഉറപ്പാക്കാനും ജില്ല വിഭജനം അനിവാര്യമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ജനസംഖ്യാ വര്‍ധനയും ഭരണനിര്‍വഹണത്തില്‍ നേരിടുന്ന വെല്ലുവിളികളും കണക്കിലെടുത്താണ് ജില്ലാ പുനര്‍നിര്‍ണയം ആവശ്യപ്പെടുന്നതെന്ന് ഉമര്‍ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കുന്നു.

അതേസമയം, ജമാഅത്തെ ഇസ്ലാമിക്കെതിരെയും സമസ്ത പ്രമേയം പാസാക്കിയിരുന്നു . ‘രാഷ്ട്രീയ ഇസ്‌ലാം’ എന്ന വിചാരധാര മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച പ്രമേയം, ഇസ്‌ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്ലാമിയെ പൂര്‍ണമായും നിരോധിക്കണമെന്നും യുവാക്കളെ സ്വാധീനിക്കാന്‍ സംഘടന ശ്രമിക്കുന്നതിനാല്‍ ജാഗ്രത ആവശ്യമാണെന്നും പ്രമേയം ആവശ്യപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക