ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓർഡർ ഓഫ് ഒമാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഒമാൻ രാജ്യം ആദരിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖാണ് ബഹുമതി കൈമാറിയത്.
ബഹുമതി ലഭിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
“ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകപ്പെട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്ര വൈദഗ്ധ്യത്തിന്റെയും ആഗോള നേതാവെന്ന നിലയിലെ അംഗീകാരത്തിന്റെയും തെളിവാണ്. പ്രധാനമന്ത്രി മോദിക്ക് തുടർച്ചയായി ലഭിക്കുന്ന ഇത്തരം അന്താരാഷ്ട്ര ബഹുമതികൾ, 140 കോടി ഇന്ത്യക്കാരുടെ ശക്തിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഒരു പരിവർത്തിത രാഷ്ട്രമായി ഉയർന്നുവരുന്നതെയും പ്രതിഫലിപ്പിക്കുന്നു,” അമിത് ഷാ കുറിച്ചു.
ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നൽകിയ നിർണായക സംഭാവനകൾ മാനിച്ചാണ് ബഹുമതി സമ്മാനിച്ചതെന്ന് ഒമാൻ വ്യക്തമാക്കി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് നരേന്ദ്ര മോദി ഒമാനിലെത്തിയത്.
മുൻപ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, നെതർലാൻഡ്സിലെ രാജ്ഞി മാക്‌സിമ, ജപ്പാൻ ചക്രവർത്തി അക്കിഹിതോ, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുള്ള തുടങ്ങിയ പ്രമുഖർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയും ഒമാനും തമ്മിൽ വ്യാപാര കരാറിലും ഒപ്പുവച്ചു. വ്യാപാരം, ഊർജ്ജം, പ്രതിരോധം, നിക്ഷേപം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാനാണ് ധാരണ. ഇന്ത്യ–ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ഉഭയകക്ഷി പങ്കാളിത്തത്തിലെ നിർണായക നാഴികക്കല്ലാണെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
