നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് എറണാകുളം ജില്ലയിൽ പരമാവധി സീറ്റുകൾ ട്വൻ്റി-20ക്ക് വിട്ടുനൽകാൻ ബിജെപി നയിക്കുന്ന എൻഡിഎയിൽ ധാരണ. ആറു മുതൽ എട്ടു സീറ്റുകളിൽ വരെ ട്വൻ്റി-20 സ്ഥാനാർഥികൾ മത്സരിക്കാനാണ് സാധ്യത.
ഇതോടൊപ്പം, തൃപ്പൂണിത്തുറ മണ്ഡലത്തിൽ സാബു എം ജേക്കബ് നേരിട്ട് മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശം ലഭിച്ചതെന്ന വിവരവും പുറത്തുവരുന്നു.
ബിജെപി വോട്ടുകൾക്കൊപ്പം ട്വൻ്റി-20യുടെ സ്വാധീനവും കൂട്ടിച്ചേർക്കാനായാൽ വിജയം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ. എന്നാൽ മത്സരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സാബു ജേക്കബ് ദേശീയ നേതൃത്വത്തെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, നിയമസഭയിലേക്ക് മത്സരിക്കാൻ കേന്ദ്ര മന്ത്രി ജോർജ് കുര്യനും ഒരുങ്ങുന്നതായി സൂചനയുണ്ട് . കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി അദ്ദേഹത്തെ പരിഗണിക്കുന്നതായാണ് വിവരം. പാർട്ടിയുടെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രീകരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്.
