പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യം; വയനാട് തുരങ്കപാതക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി വഴിയുള്ള വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഹർജി നൽകിയത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

2018, 2019, 2024 വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശത്തുകൂടിയാണ് തുരങ്കപാത നിർമാണം പദ്ധതിയിട്ടിരിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപംകൂടിയാണ് തുരങ്കം കടന്നുപോകുന്നതെന്നും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പര്യാപ്തമായ പഠനങ്ങൾ നടത്താതെയാണ് അനുമതി നൽകിയതെന്നും അതിനാൽ അത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കെതിരെ നേരത്തെ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ആ വിധിക്കെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക