പൊലീസ് – എസ്എഫ്ഐ സംഘർഷം; മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ വീഴ്ചയില്ലെന്ന് റിപ്പോർട്ട്

പോലീസ്–എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മിഥുൻ ഇടിവള ഉപയോഗിച്ച് മർദിച്ചതിന് ദൃശ്യങ്ങളിൽ തെളിവുണ്ടെന്നും ഫോർട്ട് എസിപി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് കമ്മീഷണർക്ക് സമർപ്പിക്കും. ജാമ്യമില്ലാ വകുപ്പുകൾ നിലനിർത്തണോ പിൻവലിക്കണോയെന്നത് കമ്മീഷണർ തീരുമാനിക്കും.

ഇതിനിടെ, കേസിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. വിനയ്, സുർജിത് എന്നിവർക്കാണ് ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ഉണ്ടായിട്ടും പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനെതിരെ പൊലീസിന് വിമർശനം ഉയർന്നിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് Mall of Travancore-ലാണ് സംഭവം നടന്നത്. പുതുവത്സരാഘോഷത്തിനിടെ ശംഖുമുഖത്ത് ഉണ്ടായ മർദനത്തിന്റെ പ്രതികാരമായാണ് നന്ദാവനം എആർ ക്യാംപിലെ സിപിഒ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്ന് ആക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പേട്ട പൊലീസ് ജാമ്യമുള്ള വകുപ്പുകൾ ചുമത്തിയപ്പോൾ, മിഥുനും ഒപ്പമുണ്ടായിരുന്ന യുവതിക്കുമെതിരെ വഞ്ചിയൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് സേനയ്ക്കുള്ളിൽ കടുത്ത അമർഷത്തിന് കാരണമായി.

വിഷയം പൊലീസ് ജില്ലാ സമ്മേളനത്തിലും 21ന് നടക്കുന്ന ഓഫീസേഴ്സ് ജില്ലാ സമ്മേളനത്തിലും ഉയർത്താനുള്ള ആലോചനയും നടക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക