ശബരിമല സ്വർണക്കൊള്ള: രണ്ട് പതിറ്റാണ്ടിലധികം കാലത്തെ ഇടപാടുകൾ പരിശോധിക്കണമെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ വിപുലമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം നൽകി. 2017-ൽ കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി സംഘം നാളെ സന്നിധാനത്തെത്തും. അന്വേഷണ പുരോഗതി റിപ്പോർട്ട് ഫെബ്രുവരി 9-ന് കോടതിയിൽ സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ശ്രീകോവിലിലെയും സ്റ്റോർ റൂമിലെയും വാതിൽപ്പാളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എസ്‌ഐടി പരിശോധിക്കും. വാതിൽപ്പാളികളുടെ വിസ്തൃതിയും ഘടനയും ഉൾപ്പെടെ വിശദമായ പരിശോധന നടത്തുമെന്നും എസ്ഐടി കോടതിയെ അറിയിച്ചു. നിലവിൽ കേസിൽ ആകെ 16 പ്രതികളുണ്ടെന്നും ഇതിൽ 11 പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും എസ്‌ഐടി കോടതിയെ ബോധിപ്പിച്ചു.

2017-ൽ കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും വിശദമായി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഏഴ് വാതിൽപ്പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കാൻ കോടതി അനുമതിയും നൽകി. എസ്ഐടിക്ക് സാങ്കേതിക സഹായം നൽകുന്നതിനായി കൊച്ചിയിൽ നിന്നുള്ള വിദഗ്ദ സംഘം നാളെ സന്നിധാനത്തെത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

1998ലെയും 2019ലെയും ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്ന് കോടതി നിർദേശിച്ചു. ഭരണസമിതിയുടെ തീരുമാനങ്ങളും ഇടപാടുകളും ഉൾപ്പെടുത്തി സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്ന വിലയിരുത്തലും ഹൈക്കോടതി നടത്തി.

മറുപടി രേഖപ്പെടുത്തുക