ശബരിമല സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിൽ അന്വേഷണ സംഘം നിർണ്ണായക നീക്കവുമായി മുന്നോട്ട്. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാൻ SIT നോട്ടീസ് നൽകിയിരുന്നു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധമാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രീകരണം. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഈ യാത്രയുടെ ലക്ഷ്യം, ഇരുവരും തമ്മിലുള്ള സാമ്പത്തികവും വ്യക്തിഗതവുമായ ഇടപാടുകൾ എന്നിവയിൽ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ഉദ്ദേശ്യം.
സോണിയാ ഗാന്ധിയുമായി ഡൽഹിയിൽ നടന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ അടൂർ പ്രകാശും ഒപ്പമുണ്ടായിരുന്നുവെന്ന വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നു. ഇരുവരുടെയും ഡൽഹി യാത്രയെക്കുറിച്ച് വിശദമായ വിവരശേഖരണം നടത്തുമെന്നും അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
