ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് സിപിഎം നേതാവ് ചിന്ത ജെറോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിന് പിന്നാലെ നടത്തിയ പ്രതിഷേധത്തിലാണ് സംഭവം. ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസ് എടുത്തത്.
കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് നടപടി. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ബുധനാഴ്ച രാത്രി കൊല്ലത്ത് നടന്ന പ്രകടനത്തിനിടെ സ്ത്രീ വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെന്നാരോപിച്ച് വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.
ഇതിനിടെ, താൻ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന വിശദീകരണവുമായി ചിന്ത ജെറോം രംഗത്തെത്തി. പ്രകടനത്തിൽ മുദ്രാവാക്യം ഏറ്റുവിളിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തിപരമായ അധിക്ഷേപം നടത്തിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ചെറുപ്പം മുതൽ ഇത്തരം വ്യക്തിഹത്യകൾ നേരിട്ടുവരികയാണെന്നും, പ്രധാന വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയാണിതെന്നും അവർ ആരോപിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ പൂർണ്ണമായി കാണണമെന്നും, അത് മാസ് പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ വൈകാരിക പ്രതികരണമാണെന്നും അവർ പറഞ്ഞു. സ്ത്രീകൾ, ദളിതർ, അരികുവത്കരിക്കപ്പെട്ടവർ എന്നിവർക്കൊപ്പമാണ് തങ്ങളുടെ രാഷ്ട്രീയ നിലപാടെന്നും ചിന്ത വ്യക്തമാക്കി.
‘അസഭ്യവർഷവുമായി ചിന്ത ജെറോം’ എന്ന തരത്തിലുള്ള പ്രചാരണം കണ്ടതുകൊണ്ടാണ് വിശദീകരണവുമായി രംഗത്തെത്തിയതെന്നും, അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് കാലമാണെന്നു കരുതി അവഗണിച്ചേനെയെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ നിലപാട് തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് പ്രതികരിക്കുന്നതെന്നും ചിന്ത ജെറോം വ്യക്തമാക്കി.
