കോൺഗ്രസ് നേതാവ് അജയ് തറയിലിന്റെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സണ്ണി എം. കപിക്കാട് വ്യക്തമാക്കി. മതം മാറുന്നത് കുറ്റകരമായ കാര്യമായി ചിത്രീകരിക്കുന്ന തരത്തിലാണ് അജയ് തറയിലിന്റെ പ്രസ്താവനകളെന്നും, എന്നാൽ അത് നിയമപരമായി അനുവദനീയമായ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈക്കം മണ്ഡലത്തിൽ താൻ സ്വയം സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചുവെന്ന അജയ് തറയിലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, അത് കോടതിയിൽ തെളിയിക്കേണ്ടി വരുമെന്നും സണ്ണി എം. കപിക്കാട് വെല്ലുവിളിച്ചു. സ്വയം സ്ഥാനാർത്ഥിത്വ പ്രചാരണത്തിന് പിന്നിൽ സാമ്പത്തിക തട്ടിപ്പുണ്ടെന്ന ആരോപണത്തെയും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു.
“പേര് തറയിൽ ആണെങ്കിലും കൊട്ടാരത്തിൽ ആണെങ്കിലും ആരോപണങ്ങൾക്ക് തെളിവ് വേണം,” എന്ന് അദ്ദേഹം പ്രതികരിച്ചു. ദളിതരെല്ലാവരും ദരിദ്രരാണെന്നും ചെറിയ തുകക്കായി വഴങ്ങുന്നവരാണെന്നുമുള്ള പഴങ്കഥയായ ജാതിചിന്താഗതിയാണ് ഇത്തരം പരാമർശങ്ങൾക്ക് പിന്നിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. അത്തരത്തിലുള്ള ചിന്തകൾ തറയിൽ കൈവശം വെച്ചാൽ മതിയെന്നും സണ്ണി എം. കപിക്കാട് കൂട്ടിച്ചേർത്തു.
വിഷയത്തിൽ ഉത്തരവാദിത്തബോധം ഉണ്ടെങ്കിൽ കോൺഗ്രസ് നേതൃത്വം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യത്വമുണ്ടെങ്കിൽ അജയ് തറയിൽ ഖേദം പ്രകടിപ്പിക്കണമെന്നും, എന്നാൽ അതിന് സാധ്യത കുറവാണെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം പരിഹസിച്ചു. ഖേദം രേഖപ്പെടുത്തി മാപ്പ് പറഞ്ഞാൽ മാത്രമേ നിയമനടപടികളിൽ നിന്ന് പിന്മാറുന്നത് പരിഗണിക്കുകയുള്ളൂവെന്നും സണ്ണി എം. കപിക്കാട് വ്യക്തമാക്കി.
