വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിലെ കൂവിവിളി മനോവിഷമമുണ്ടാക്കിയതായി ടി സിദ്ദിഖ്

വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിനിടെ ടി സിദ്ദിഖ് എംഎൽഎ ക്കെതിരെ കൂവിവിളി ഉയർന്നു. ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തിയ ചീഫ് സെക്രട്ടറി സിദ്ദിഖിന്റെ പേര് പരാമർശിച്ചതോടെ ആദ്യമായി കൂവൽ കേൾക്കപ്പെട്ടു. തുടർന്ന് സിദ്ദിഖ് പ്രസംഗിക്കാനെത്തിയപ്പോഴും സദസിൽ നിന്ന് വീണ്ടും പ്രതിഷേധ ശബ്ദം ഉയർന്നു.

സംഭവം മനോവിഷമമുണ്ടാക്കിയതായി സിദ്ദിഖ് പ്രതികരിച്ചു. കൂവൽ ആസൂത്രിതമാണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ഇടപെടേണ്ടവർ ഇടപെട്ടില്ലെന്നും, ദുരിതബാധിതർ ആരും കൂവിയില്ല; അവർ കൈയടിച്ചുകൊണ്ടാണ് പിന്തുണ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘കല്ലിട്ട് പോകുന്നവർ’ എന്നമന്ത്രി കെ രാജൻ നടത്തിയ പരാമർശം ഒഴിവാക്കാമായിരുന്നുവെന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിന്നതാണ് തങ്ങളെന്നും, ദുരന്തഭൂമിയിൽ യാതൊരു വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ കല്ല് മാത്രം ഇട്ട് പോകുന്നവരല്ല, കല്ലിന് മീതെ കല്ല് വെക്കുമെന്നായിരുന്നു ചടങ്ങിൽ മന്ത്രി രാജൻ പറഞ്ഞത്; ഇതിനെ കുറിച്ചായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക