അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം രാജ്യത്തെ ഇന്ത്യയുടെ ഒരു “കോളനി”യായി മാറ്റിയിരിക്കുന്നുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വആജ ആസിഫ് ആരോപിച്ചു. ഇസ്ലാമാബാദ് അഫ്ഗാനിസ്ഥാനിൽ നടത്തിയ സൈനികാക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
സാമൂഹികമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ തുറന്ന യുദ്ധാവസ്ഥ നിലനിൽക്കുന്നതായി ആസിഫ് പറഞ്ഞു. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകൾക്കുശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവന്നത്.
നാറ്റോ സേന പിൻവാങ്ങിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ആസിഫ് പറഞ്ഞു. എന്നാൽ താലിബാൻ ഭരണകൂടം ഇന്ത്യയുടെ സ്വാധീനത്തിന് വഴങ്ങിയിരിക്കുകയാണെന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീവ്രവാദികളെ അഫ്ഗാനിസ്ഥാനിലേക്ക് കൂട്ടിച്ചേർത്ത് തീവ്രവാദം കയറ്റുമതി ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നേരിട്ടും സൗഹൃദരാജ്യങ്ങളിലൂടെ നടത്തിയ നയതന്ത്രശ്രമങ്ങൾ ഫലം കണ്ടില്ലെന്നും, താലിബാൻ ഇന്ത്യയുടെ പ്രോക്സിയായി പ്രവർത്തിക്കുന്നുവെന്നുമാണ് പാകിസ്ഥാൻ മന്ത്രിയുടെ ആരോപണം. “ഞങ്ങളുടെ ക്ഷമ അവസാനിച്ചു. ഇനി തുറന്ന യുദ്ധാവസ്ഥയാണ്,” എന്നും ആസിഫ് കൂട്ടിച്ചേർത്തു.അതേസമയം, ഇന്ത്യ ഇതുവരെ പുതിയ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. അഫ്ഗാനുമായുള്ള സംഘർഷം ഇന്ത്യ പ്രേരിപ്പിക്കുകയാണെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതാണ്.
