സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്.
ബജറ്റുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രത്യേക അടിയന്തര പ്രമേയം അനുവദിക്കാൻ കഴിയില്ലെന്നും, ബജറ്റ് ചർച്ച പൂർത്തിയായ ശേഷം സർക്കാർ മറുപടി നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ വാക്കേറ്റം നടന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള തീരുമാനത്തിൽ വ്യക്തത വേണമെന്നും, എക്സൈസ് മന്ത്രിയോട് ഇക്കാര്യം ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്തു. നികുതിയിളവിന് പിന്നിൽ അഴിമതിയുണ്ടെന്ന സംശയമാണ് ഉയരുന്നതെന്നും സർക്കാർ ഇക്കാര്യം വിശദീകരിക്കാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും, ഉടൻ ചർച്ച വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. തുടർന്ന് അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിന് സമീപം എത്തിയായിരുന്നു പ്രതിഷേധം.
എന്ത് പ്രതിഷേധമുണ്ടായാലും വാച്ച് ആൻഡ് വാർഡിനെ വിളിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയെങ്കിലും, പ്രതിഷേധം തുടർന്നതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ ബജറ്റിലെ മദ്യനയവുമായി ബന്ധപ്പെട്ട വിവാദം നിയമസഭയ്ക്കകത്തും പുറത്തും കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
