ബഹുസ്വരത, സമത്വം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ സാംസ്കാരിക ലോകം ശക്തമായി മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. ‘ഒന്നിക്കാം മുന്നേറാം’ എന്ന ആശയം ഉയർത്തിപ്പിടിച്ച് രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൾച്ചറൽ കോൺഗ്രസിൽ പങ്കെടുക്കും. കലയെയും സംസ്കാരത്തെയും അരാഷ്ട്രീയവൽക്കരിക്കുകയും സാമൂഹ്യ യാഥാർഥ്യങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യാൻ രാജ്യം ഭരിക്കുന്ന വർഗീയ ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് അത്യന്തം അപകടകരമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
എതിർപ്പുകളെ നിശബ്ദമാക്കാനും വെറുപ്പിനെ ന്യായീകരിക്കാനും ശ്രമിക്കുന്ന ഭരണസംവിധാനത്തെ ചെറുത്തുതോൽപ്പിക്കേണ്ടത് സാംസ്കാരിക ലോകത്തിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
