എൻഎസ്എസ് പിന്മാറിയെങ്കിലും സാമുദായിക ഐക്യ നീക്കത്തിൽ പ്രതീക്ഷ കൈവിടാതെ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി–മത വ്യത്യാസമില്ലാതെ ഒന്നിക്കണമെന്ന ആഹ്വാനവുമായി SNDP യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിൽ അദ്ദേഹം ലേഖനം പ്രസിദ്ധീകരിച്ചു.
ജാതി പറഞ്ഞ് പോരാടിയാൽ ഹൈന്ദവ സമൂഹം കൂടുതൽ അധോഗതിയിലേക്ക് പോകുമെന്ന മുന്നറിയിപ്പാണ് ലേഖനത്തിൽ വെള്ളാപ്പള്ളി നൽകുന്നത്. അത്തരമൊരു ദുരവസ്ഥ ഒഴിവാക്കാനാണ് ഐക്യശ്രമങ്ങൾ വീണ്ടും ആരംഭിച്ചതെന്നും, ഈ നീക്കം വൈകാതെ ഫലപ്രദമാകുമെന്ന പ്രതീക്ഷയുമാണ് അദ്ദേഹം പങ്കുവെക്കുന്നത്.
മനുഷ്യന്റെ വേദനയും സന്തോഷവും ഒരുപോലെയാണെന്നും ജാതിയ്ക്കും മതത്തിനും അതിൽ വ്യത്യാസമില്ലെന്നും ഓർമ്മിപ്പിക്കുന്ന ലേഖനത്തിൽ, ഈ തിരിച്ചറിവ് സമൂഹത്തിലെ പലർക്കും ഇല്ലാതായതാണെന്ന് കേരളത്തിന്റെ ദുര്യോഗമായി അദ്ദേഹം വിശേഷിപ്പിക്കുന്നു. എസ്.എൻ.ഡി.പി. യോഗം ഇന്ന് ഒരു സമരസംഘടന കൂടിയാണെന്നും സാമൂഹിക സാഹചര്യങ്ങൾ മാറിയ സാഹചര്യത്തിൽ ഭൂരിപക്ഷ ജനവിഭാഗം ഏറെക്കാലമായി ഒറ്റപ്പെട്ട നിലയിലായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനത്തെ തുടർന്ന് ഭരണതലങ്ങളിൽ പോലും ഭൂരിപക്ഷ സമൂഹം അവഗണിക്കപ്പെട്ടുവെന്നും, ജാതിവൈരാഗ്യം തുടരുന്നത് ഹൈന്ദവ സമൂഹത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷ സമൂഹത്തെ ആക്രമിക്കുന്നവർക്ക് ഇന്ധനം നൽകുന്നത് സമുദായത്തിനുള്ളിലെ കുലംകുത്തികളാണെന്നും അദ്ദേഹം വിമർശിക്കുന്നു.
സമാനചിന്താഗതിയുള്ള എല്ലാവരും ഈ ഐക്യനീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും അത് ഉടൻ സാദ്ധ്യമാകുമെന്ന പ്രതീക്ഷയുമാണ് ലേഖനത്തിലൂടെ വെള്ളാപ്പള്ളി നടേശൻ പങ്കുവെച്ചത്.
