വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയർ

തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ കേരളത്തിൽ ബിജെപിയുടെ ആദ്യ മേയറെന്ന ചരിത്രനേട്ടമാണ് വി.വി. രാജേഷ് സ്വന്തമാക്കിയത്. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയായ രാജേഷിന് സാധുവായ 97 വോട്ടുകളിൽ 51 പേരുടെ പിന്തുണ ലഭിച്ചു. എൽഡിഎഫിലെ ശിവജിക്ക് 29 വോട്ടും യുഡിഎഫിലെ കെ.എസ്. ശബരിനാഥിന് 17 വോട്ടും ലഭിച്ചു. രണ്ട് യുഡിഎഫ് അംഗങ്ങളുടെ വോട്ടുകൾ അസാധുവായതോടൊപ്പം ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസിന്റെ എ.കെ. ഹഫീസാണ് മേയറാകുന്നത്. തെരഞ്ഞെടുപ്പിന് മുൻപുതന്നെ ഹഫീസിന്റെ പേര് മേയർ സ്ഥാനത്തേക്ക് ഉയർന്നിരുന്നു. എൽഡിഎഫിന്റെ കോട്ടയായി കണക്കാക്കിയിരുന്ന കൊല്ലം ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. ഹഫീസിന് 27 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിലെ പി.ജെ. രാജേന്ദ്രന് 16 വോട്ടുകളാണ് ലഭിച്ചത്.

കൊച്ചി കോർപ്പറേഷനിൽ അഡ്വ. വി.കെ. മിനിമോളെയാണ് മേയറായി തെരഞ്ഞെടുത്തത്. മിനിമോളും ഷൈനി മാത്യൂവും രണ്ടര വർഷം വീതം മേയർ സ്ഥാനം വഹിക്കാനാണ് തീരുമാനം. പാലാരിവട്ടം ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ് മിനിമോൾ, ഫോർട്ട് കൊച്ചിയെ പ്രതിനിധീകരിക്കുന്നത് ഷൈനി മാത്യൂവാണ്. വി.കെ. മിനിമോളിന് 48 വോട്ടുകൾ ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ബാസ്റ്റിൻ ബാബുവിന്റെ വോട്ട് മിനിമോളിന് പിന്തുണയായി. എൽഡിഎഫിന്റെ അംബിക സുദർശന് 22 വോട്ടും ബിജെപിയുടെ പ്രിയ പ്രശാന്തിന് ആറു വോട്ടും ലഭിച്ചു. കോർപ്പറേഷനിലെ കക്ഷിനില: യുഡിഎഫ് 46, എൽഡിഎഫ് 20, എൻഡിഎ ആറു, മറ്റുള്ളവർ നാല്.

തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിന്റെ ഡോ. നിജി ജസ്റ്റിനാണ് മേയർ. കിഴക്കുംപാട്ടുകര ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയായ നിജി ജസ്റ്റിൻ ഡോക്ടറാണ്. നിജിക്ക് 35 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിലെ എം.എൽ. റോസിക്ക് 13 വോട്ടും ബിജെപിയുടെ പൂർണ്ണിമാ സുരേഷിന് എട്ട് വോട്ടും ലഭിച്ചു. 56 അംഗ തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് 33 സീറ്റുകൾ നേടി; എൽഡിഎഫ് 11 സീറ്റിലും എൻഡിഎ എട്ട് സീറ്റിലും മറ്റുള്ളവർ നാല് സീറ്റിലും വിജയിച്ചു.

കണ്ണൂർ കോർപ്പറേഷൻ മേയറായി പി. ഇന്ദിരയെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്ന ഇന്ദിര പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 56 അംഗ കണ്ണൂർ കോർപ്പറേഷനിൽ 36 സീറ്റുകൾ നേടി യുഡിഎഫ് ആധികാരിക വിജയം നേടി.

കോഴിക്കോട് കോർപ്പറേഷനിൽ ഒ. സദാശിവനാണ് മേയർ. സിപിഐഎം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി അംഗമായ സദാശിവൻ തടമ്പാട്ടുതാഴം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഏക കോർപ്പറേഷനാണ് കോഴിക്കോട്. ഒ. സദാശിവനെ 33 പേർ പിന്തുണച്ചപ്പോൾ യുഡിഎഫിന് 28 പേരുടെ പിന്തുണ ലഭിച്ചു.

മറുപടി രേഖപ്പെടുത്തുക