ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര തന്റെ അവസാന സിനിമയായ ‘ഇക്കിസ്’ റിലീസിന് മുൻപ് തന്നെ ലോകത്തോട് വിടപറഞ്ഞു. 89-ആം വയസ്സിൽ അന്തരിച്ച ധർമേന്ദ്രയുടെ 90-ാം ജന്മദിനം ഡിസംബർ 8-നായിരുന്നു. ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തുന്ന ‘ഇക്കിസ്’ അദ്ദേഹത്തിന്റെ അവസാന ചിത്രമായി മാറി.
ധർമേന്ദ്രയുടെ നിര്യാണവാർത്ത പുറത്തുവന്നതിന് കുറച്ച് നിമിഷങ്ങൾ മുമ്പാണ് ‘ഇക്കിസ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. “കാലാതീതനായ ഇതിഹാസം” എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റർ പങ്കുവെച്ചത്. പരം വീർ ചക്രം നേടിയ ഏറ്റവും പ്രായം കുറഞ്ഞ സൈനികനായ അരുണ്‍ ഖേതർപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയതാണ് ഈ സിനിമ.
ചിത്രത്തിൽ അരുണിന്റെ പിതാവ് എം.എൽ. ഖേതർപാലിന്റെ വേഷമാണ് ധർമേന്ദ്ര അവതരിപ്പിക്കുന്നത്. “പിതാക്കന്മാർ മക്കളെ വളർത്തുന്നു, ഇതിഹാസങ്ങൾ രാഷ്ട്രങ്ങളെ വളർത്തുന്നു” എന്ന വരികളോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവച്ചത്. അരുണ്‍ ഖേതർപാലിന്റെ വേഷത്തിൽ അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ എത്തുന്നു.
മാഡോക്ക് ഫിലിംസിന് വേണ്ടി ശ്രീറാം രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇക്കിസ്’.
