എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി പുറപ്പെട്ടു. കേസിലെ ഒന്നുമുതൽ ആറുവരെ പ്രതികൾക്കെതിരായ എല്ലാ പ്രധാന കുറ്റങ്ങളും തെളിയിച്ചതായി കോടതി പ്രഖ്യാപിച്ചു. എട്ടാം പ്രതിയായ നടൻ ദിലീപ് ഉൾപ്പെടെ ഏഴ് മുതൽ പത്തു വരെയുള്ള മറ്റ് നാല് പ്രതികളെ കോടതി വെറുതെ വിട്ടു.
കേസിൽ ക്രിമിനൽ ഗൂഢാലോചന, അന്യായ തടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമണം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, പ്രേരണ, പൊതുവായ ഉദ്ദേശത്തോടെ കുറ്റകൃത്യം, ഐ.ടി. നിയമപ്രകാരം സ്വകാര്യ ദൃശ്യങ്ങൾ പകർത്തൽ/പ്രചരിപ്പിക്കൽ എന്നീ ഗൗരവമായ കുറ്റങ്ങളാണ് ഒന്നുമുതൽ ആറുവരെയുള്ള പ്രതികളും എട്ടാം പ്രതി ദിലീപും നേരിട്ടത്. ഇതിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികളാണ് കുറ്റക്കാരായി കണ്ടെത്തപ്പെട്ടത്.
ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ (തമ്മനം മണി), നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി വടിവാൾ സലിം (എച്ച്. സലിം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരായതായി കോടതി വിലയിരുത്തിയത്.
ബലാത്സംഗത്തിന് “ക്വട്ടേഷൻ” നൽകിയെന്ന ആരോപണത്തെ തുടർന്ന് വലിയ വിവാദങ്ങൾക്ക് ഇടയായ ഈ കേസിൽ പത്ത് പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത് — സുനിൽ എൻ.എസ്. (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, സലിം എച്ച്. (വടിവാൾ സലിം), പ്രദീപ്, ചാർലി തോമസ്, ദിലീപ് (പി. ഗോപാലകൃഷ്ണൻ), സനിൽ കുമാർ (മേസ്തിരി സനിൽ), ശരത് ജി. നായർ.
വിചാരണയുടെ ഭാഗമായുള്ള അവസാന ദിവസമായ ഇന്ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു, അതനുസരിച്ച് എല്ലാവരും എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായി.
