ടി20 ലോകകപ്പ് വിജയം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആവേശകരമായ തിരിച്ചുവരവും പോരാട്ടവും ആത്മവിശ്വാസവും നിറഞ്ഞ കഥയായി മാറിയിരിക്കുകയാണ്. ടീം ഇന്ത്യ കിരീടം നിലനിർത്തി ലോകത്തിന് മുന്നിൽ കരുത്ത് തെളിയിച്ചപ്പോൾ, ഈ നേട്ടം മലയാളികൾക്ക് പ്രത്യേക അഭിമാനമായി മാറി.
ഈ വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ ക്രിക്കറ്റ് ലോകത്ത് തന്റെ പേര് കൂടുതൽ ഉറപ്പിച്ചു. ഉറച്ച മനസ്സും നിശ്ചയദാർഢ്യവും കൊണ്ട് സഞ്ജു നേടിയ ഈ നേട്ടം മലയാളി ആരാധകർ വലിയ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്.
സഞ്ജുവിന്റെ ഈ ഉജ്ജ്വല യാത്രയെ പ്രശംസിച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് രംഗത്തെത്തി. സഞ്ജു സാംസൺ എന്ന നായകന്റെ പോരാട്ട മനോഭാവത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ പ്രതികരണം.
പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം:
“ടീം ഇന്ത്യ ലോകചാമ്പ്യന്മാരായിരിക്കുന്നു! ടി20 കിരീടം നിലനിർത്തുന്ന ആദ്യ ടീം!
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആ ഒരു ചെറിയ തിരിച്ചടി ഒഴിച്ചുനിർത്തിയാൽ ഐതിഹാസികമായ ഒരു മുന്നേറ്റം. എന്നാൽ ഈ ടൂർണമെന്റിലെ യഥാർത്ഥ അത്ഭുതം, വിധി സഞ്ജു സാംസണായി എഴുതിവെച്ച തിരക്കഥയാണ്! അവസാന പതിനഞ്ചിൽ ഇടംപിടിക്കുമോ എന്ന് പോലും സംശയിച്ചിടത്തുനിന്ന്, വെറും 5 മത്സരങ്ങൾ കൊണ്ട് ടൂർണമെന്റിലെ മികച്ച താരമായി മാറിയ സഞ്ജുവിന്റെ വളർച്ച അവിശ്വസനീയമാണ്!
ഒരു തലമുറയെ സംബന്ധിച്ചിടത്തോളം, ഒരു ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ ഒരു ഇന്ത്യൻ താരം കാഴ്ചവച്ച ഏറ്റവും മികച്ച പ്രകടനം 98ലെ ഷാർജ കപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നടത്തിയ ‘ഡെസേർട്ട് സ്റ്റോമും’ ഫൈനലിലെ സെഞ്ചുറിയുമായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, തന്റെ കഠിനമായ ഘട്ടങ്ങളിൽ സച്ചിൻ തന്നെയായിരുന്നു തനിക്ക് വഴികാട്ടിയെന്ന് പ്രസന്റേഷൻ വേളയിൽ വെളിപ്പെടുത്തിയ സഞ്ജു സാംസൺ ആ പ്രകടനത്തെയും മറികടന്നിരിക്കുന്നു.
സഞ്ജു… നിന്റെ യഥാർത്ഥ കഴിവ് എന്താണെന്ന് നീ ലോകത്തിന് കാണിച്ചുകൊടുത്തു. ഒരു ആരാധകൻ എന്ന നിലയിൽ, ഈ മൂന്ന് ഇന്നിങ്സുകൾ നിന്റെ ഉജ്ജ്വലമായ കരിയറിനെ ഇനിയങ്ങോട്ട് രൂപപ്പെടുത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു! ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് താങ്കൾ. ഇനിയും 6-8 വർഷങ്ങൾ താങ്കൾക്കു മുന്നിലുണ്ട്.
ലോകവേദികളിൽ ഇനിയും വിസ്മയങ്ങൾ തീർക്കുക! ക്രിക്കറ്റ് ചരിത്രത്തിന്റെ താളുകളിൽ നിനക്കിന്ന് നിന്റേതായ ഒരിടമുണ്ട്. വരുംതലമുറകൾക്കും ഈ ലോകകപ്പിലെ നിന്റെ പ്രകടനം കണ്ടവർക്കും മാതൃകയാകുന്ന രീതിയിലുള്ള വലിയൊരു പൈതൃകം ഇനിയും കെട്ടിപ്പടുക്കുക! പൊളിക്കൂ അനിയാ (ചേട്ടാ)! “
