തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഖാനപൂർ മണ്ഡലത്തിന് സമീപം 800 വർഷം പഴക്കമുള്ള പുരാതന ശിവക്ഷേത്രം തകർത്ത സംഭവത്തിൽ ശക്തമായ രാഷ്ട്രീയ പ്രതിഷേധം. പ്രതിപക്ഷ പാർട്ടികളായ ഭാരത് രാഷ്ട്ര സമിതി യും ബിജെപിയും സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.
ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു (കെ.ടി.ആർ) സംഭവത്തെ “അതിരുകടന്ന നടപടി” എന്ന് വിശേഷിപ്പിക്കുകയും ക്ഷേത്രം ഉടൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. കാകതീയ കാലഘട്ടത്തിൽ നിർമ്മിച്ചതായി കരുതുന്ന ഈ ക്ഷേത്രം സംസ്ഥാന കോൺഗ്രസ് സർക്കാർ പൊളിച്ചുമാറ്റിയത് അപമാനകരമാണെന്ന് അദ്ദേഹം ‘എക്സിൽ’ കുറിച്ചു.
“തെലങ്കാനയുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് ബോധമില്ലാത്ത ഭരണമാണ് തുടരുന്നത്. വീടുകൾ തകർക്കുകയും മരങ്ങൾ നശിപ്പിക്കുകയും ചെയ്തതിന് പിന്നാലെ ഇപ്പോൾ ചരിത്രപൈതൃകവും നശിപ്പിക്കുന്നു,” എന്നും കെ.ടി.ആർ ആരോപിച്ചു.
ഇതിനിടെ ബിജെപിയും സംഭവത്തെ ശക്തമായി വിമർശിച്ചു. കാകതീയ ചക്രവർത്തി ഗണപതി ദേവന്റെ കാലത്ത് നിർമ്മിച്ചതായി കരുതുന്ന ക്ഷേത്രം സംസ്ഥാനത്തിന്റെ സാംസ്കാരിക മഹത്വത്തിന്റെ പ്രതീകമായിരുന്നുവെന്നും, ഇപ്പോൾ അവശിഷ്ടങ്ങളായി മാറിയതിൽ അത്യന്തം ദുഃഖകരമാണെന്നും ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നിട്ടും ക്ഷേത്രം തകർത്തത് ഗുരുതര വീഴ്ചയാണെന്നും സർക്കാർ സംരക്ഷിത സ്മാരകങ്ങൾ പോലും സുരക്ഷിതമല്ലെന്നത് ആശങ്കാജനകമാണെന്നും ബിജെപി ആരോപിച്ചു. അതേസമയം, ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് കേന്ദ്ര സാംസ്കാരിക, പുരാവസ്തു മന്ത്രാലയം നടപടി സ്വീകരിച്ചതായും കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുണ്ട്. അഭിഭാഷകൻ രാമറാവു ഇമ്മനേനിയുടെ പരാതിയിലാണ് ദേശീയ സ്മാരക അതോറിറ്റിയിൽ കേസ് നൽകിയിരിക്കുന്നത്.
വിവാദ സ്ഥലത്ത് ഒരു ഇന്റഗ്രേറ്റഡ് സ്കൂൾ നിർമ്മാണത്തിനായി ബുൾഡോസറുകൾ ഉപയോഗിച്ച് ക്ഷേത്രം പൊളിച്ചുമാറ്റിയതായാണ് ആരോപണം. എഡി 1231 കാലഘട്ടത്തിലെ അപൂർവമായ ഒരു ഏഴ് വരി തെലുങ്ക് ലിഖിതവും ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. 1965-ൽ തന്നെ ഈ ശിലാലിഖിതം പുരാവസ്തു വകുപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
